Advertisement

കൊവിഡ് 19: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ സാധനങ്ങള്‍ വാങ്ങാന്‍ വന്‍ തിരക്ക്

March 23, 2020
1 minute Read

കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ വന്‍ തിരക്ക്. സപ്ലൈക്കോ ഷോപ്പുകളിലും പച്ചക്കറി, പലചരക്ക് മാര്‍ക്കറ്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജനങ്ങള്‍ അവശ്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങി ശേഖരിക്കുന്നത് അവശ്യ വസ്തുക്കളുടെ ക്ഷാമത്തിനു കാരണമായേക്കുമെന്നും ആശങ്ക ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസത്തെ ജനത കര്‍ഫ്യൂനു പിന്നാലെ ജില്ലകള്‍ അടച്ചിടുമെന്ന സൂചനകള്‍ വന്നതോടെയാണ് ആളുകള്‍ പരിഭ്രാന്തിയിലായത്. രാവിലെ മുതല്‍ സപ്ലൈകോ ഉള്‍പ്പടെയുള്ള പഴം, പച്ചക്കറി, പലചരക്ക് കടകളില്‍ ജനം കൂട്ടമായെത്തി സാധനങ്ങള്‍ വാങ്ങിക്കൂട്ടി. സപ്ലൈക്കോ കേന്ദ്രങ്ങളില്‍ ടോക്കണ്‍ നല്‍കിയാണ് ആളുകളെ കയറ്റി വിട്ടത്. പല സൂപ്പര്‍മാര്‍ക്കറ്റുകളിലും രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

സാധാരണ വാങ്ങുന്നതിലും അധികം സാധനങ്ങളാണ് ജനം വാങ്ങിക്കൂട്ടുന്നത്. ഇതുമൂലം പല കടകളിലും അവശ്യസാധനങ്ങള്‍ തീര്‍ന്നു. കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പെടുത്തിയതും ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു.

അതേസമയം, സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്ന് ഉന്നതതലയോഗം തീരുമാനം എടുത്തു. കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടും. എറണാകുളം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മറ്റ് ജില്ലകളില്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഉന്നതതല യോഗത്തില്‍ തീരുമാനമായി.

ജില്ലകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ബാറുകള്‍ അടച്ചിടുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കും. സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top