കൊവിഡ് 19: സൗദിയില്‍ കര്‍ഫ്യൂ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. 21 ദിവസത്തേക്കാണ് രാജ്യത്ത് ഭാഗികമായ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. രാത്രി ഏഴ് മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് കര്‍ഫ്യൂ.

ഇന്ന് മുതല്‍ 21 ദിവസത്തേക്കാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഫ്യൂ പ്രാബല്യത്തിലുള്ള സമയത്ത് പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു. എന്നാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സര്‍ക്കാര്‍ – സ്വകാര്യ ജീവനക്കാരെയും സ്ഥാപനങ്ങളെയും കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഭക്ഷണ ശാലകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ തുടങ്ങിയവയെ കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കി. അതോടൊപ്പം ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ലാബുകള്‍ തുടങ്ങിയവയ്ക്കും കര്‍ഫ്യൂ ബാധകമല്ല. സുരക്ഷാ വിഭാഗം, മിലിട്ടറി, മീഡിയ തുടങ്ങിയ വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കാര്‍ഗോ വാഹനങ്ങള്‍ക്കും, പാര്‍സല്‍ സര്‍വീസുകള്‍ക്കും കര്‍ഫ്യൂ ബാധമായിരിക്കില്ല. ഗ്യാസ് സ്റ്റേഷന്‍, ഹോട്ടലുകള്‍, അപാര്‍ട്ട്‌മെന്റുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ്, ജല വിതരണം തുടങ്ങിയ മേഖലകളെയും കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇന്നലെ വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 511 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 119 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 14655 ആയി. 3,37,570 പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. അതേസമയം, 98,884 പേരാണ് കൊവിഡ് രോഗവിമുക്തരായി. കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. 188 രാജ്യങ്ങളിലാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരായി കഴിയുന്നവരില്‍ 10,553 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top