കൊവിഡ് 19; ലോകത്താകെ മരിച്ചവരുടെ എണ്ണം 16,514 ആയി

കൊവിഡ് 19 മൂലം ലോകത്താകെ മരിച്ചവരുടെ എണ്ണം 16,514 ആയി. രോഗം ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി എഴുപത്തെട്ടായിരത്തി എണ്ണൂറ്റി നാല്പത്തൊമ്പതാണ്. ഒരു ലക്ഷത്തി രണ്ടായിരത്തി അറുപത്തൊന്‍പത് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
കൊവിഡ് 19 ബാധിച്ച് ഇന്നലെ 601 പേര്‍ കൂടി മരിച്ചതോടെ ഇറ്റലിയില്‍ മരണസംഖ്യ 6077 ആയി. സ്പെയിനിലേത് 2,311 ആയി ഉയര്‍ന്നു. ചൈനയില്‍ രോഗം നിയന്ത്രണവിധേയമാണ്. 3,277 ആണ് ഇവിടുത്തെ മരണസംഖ്യ. ഇറാനില്‍ 1,812 ഉം അമേരിക്കയില്‍ 553 ഉം ഫ്രാന്‍സില്‍ 860 ഉം പേര്‍ കൊവിഡ് 19 മൂലം മരിച്ചു. ബ്രിട്ടനില്‍ 335 ഉം നെതര്‍ലന്റ്സില്‍ 213 ഉം ജര്‍മനിയില്‍ 123 ഉം ആയി മരണസംഖ്യ ഉയര്‍ന്നു. ദക്ഷിണ കൊറിയയില്‍ 111 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ബെല്‍ജിയത്തിലും മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 88 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്.
ജനങ്ങളുടെ സഞ്ചാരം പൂര്‍ണമായി വിലക്കുന്ന നടപടികളിലേക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ കടന്നു. ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഗ്രീസും ഇന്നലെ മുതല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ജര്‍മനിയില്‍ രണ്ടിലധികം പേര്‍ കൂടുന്നത് വിലക്കി. ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പരിശോധന ഫലം നെഗറ്റീവാണ്. സ്‌പെയിനില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കുണ്ടായിരുന്ന വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി. ജൂലൈയില്‍ നടക്കേണ്ട ടോക്കിയോ ഒളിംപിക്സ് മാറ്റിവെയ്ക്കാന്‍ സാധ്യതയേറി.
യൂറോപ്യന്‍ ഓഹരി വിപണികള്‍ മൂക്കുകുത്തിയതിന് പിന്നാലെ ഏഷ്യന്‍ വിപണികളും തകര്‍ന്നു. വിവിധ മേഖലകളില്‍ വ്യാപകമായ തൊഴില്‍നഷ്ട സാധ്യതകളും വര്‍ധിച്ചു. ഫ്രഞ്ച് വിമാനക്കമ്പനിയായ എയര്‍ ഫ്രാന്‍സ് 5,000 ജീവനക്കാരെ ലേ ഓഫ് ചെയ്തു. ഇറ്റലിയില്‍ ജോലിക്കിടെ രോഗം ബാധിച്ച് മരിച്ചത് 17 ഡോക്ടര്‍മാരാണ്. രാജ്യത്തിനകത്ത് യാത്ര നിരോധിച്ചു.
ആഴ്ചകള്‍ക്കകം ബ്രിട്ടന്‍ ഇറ്റലിയിലെ സ്ഥിതിയിലെത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. സമ്പര്‍ക്കവിലക്ക് പാലിക്കുന്നില്ലെങ്കില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പബുകള്‍, ക്ലബുകള്‍, ജിം, ആരാധനാലയങ്ങള്‍ എന്നിവ ഓസ്ട്രേലിയ അടച്ചിട്ടു. നാലാഴ്ച വീട്ടില്‍ അടച്ചിരിക്കാന്‍ ന്യൂസീലന്‍ഡ് ഉത്തരവിട്ടപ്പോള്‍ ഹോങ്കോംഗ് സഞ്ചാരികളെ വിലക്കി. ഇന്തോനേഷ്യയില്‍ രണ്ടാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here