കൊവിഡ് 19: ശ്വസനസഹായി യുവരോഗിക്കായി വിട്ടുകൊടുത്ത് ഇറ്റാലിയൻ പുരോഹിതൻ മരണം വരിച്ചു

ശ്വസനസഹായി യുവരോഗിക്കായി വിട്ടുകൊടുത്ത് കൃസ്ത്യൻ പുരോഹിതൻ മരണത്തിനു കീഴടങ്ങി. 72 വയസ്സുകാരനായ ഡോൺ ഗിസെപ്പെ ബെറദെല്ലി എന്ന ഇറ്റാലിയൻ പുരോഹിതനാണ് സമാനതകളില്ലാത്ത മനുഷ്യ സ്നേഹത്തിൻ്റെ ഉദാഹരണമായി സ്വയം മരണം വരിച്ചത്.
മിലാനിലെ കാസ്നിഗോ എന്ന ഗ്രാമത്തിലെ പുരോഹിതനായിരുന്നു ഡോൺ. കൊവിഡ് 19 വൈറസ് ബാധയെത്തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ശ്വാസം കഴിക്കാൻ അദ്ദേഹം പാടുപെട്ടു. ഇത് ശ്രദ്ധയിൽ പെട്ട ഡോക്ടർമാർ അദേഹത്തിന് ശ്വസനസഹായി നൽകി. എന്നാൽ അത് സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. പകരം, അസുഖം മൂർച്ഛിച്ച് ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്ന ഒരു യുവരോഗിക്ക് അത് നൽകാൻ അദ്ദേഹം ഡോക്ടർമാരോട് പറയുകയായിരുന്നു. ഏറെ താമസിയാതെ ഡോൺ മരണപ്പെടുകയും ചെയ്തു.
അതേ സമയം, ഇറ്റലി വൈറസ് ബാധയിൽ നിന്ന് മെല്ലെ കര കയറുകയാണ്. രണ്ട് ദിവസങ്ങളിലായി ഇറ്റലിയില്‍ കോവിഡ് 19 വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ ആനുപാതിക കുറവ് ഉണ്ടാവുന്നുണ്ട്. ഇതുവരെ 6077 പേരാണ് രാജ്യത്ത് മരണപ്പെട്ടത്.
ലോകത്താകെ മരിച്ചവരുടെ എണ്ണം 16,514 ആയി. രോഗം ബാധിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി എഴുപത്തെട്ടായിരത്തി എണ്ണൂറ്റി നാല്പത്തൊമ്പതാണ്. ഒരു ലക്ഷത്തി രണ്ടായിരത്തി അറുപത്തൊന്‍പത് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
വൈറസ് ബാധയേത് സ്പെയിനിൽ മരിച്ചത് 2,311 ആളുകളാണ്. ചൈനയില്‍ രോഗം നിയന്ത്രണവിധേയമായി. 3,277 ആണ് ഇവിടുത്തെ മരണസംഖ്യ. ഇറാനില്‍ 1,812 ഉം അമേരിക്കയില്‍ 553 ഉം ഫ്രാന്‍സില്‍ 860 ഉം പേര്‍ കൊവിഡ് 19 മൂലം മരിച്ചു. ബ്രിട്ടനില്‍ 335 ഉം നെതര്‍ലന്റ്സില്‍ 213 ഉം ജര്‍മനിയില്‍ 123 ഉം ആയി മരണസംഖ്യ ഉയര്‍ന്നു. ദക്ഷിണ കൊറിയയില്‍ 111 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ബെല്‍ജിയത്തിലും മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. 88 പേരാണ് ഇതുവരെ ഇവിടെ മരിച്ചത്.
Story Highlights: Italian priest dies after giving his respirator to younger patient
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here