കൊവിഡ് 19: ടോക്കിയോ ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റി

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ടോക്കിയോ ഒളിമ്പിക്സ് അടുത്ത വർഷത്തേക്ക് മാറ്റി. ജപ്പാൻ പ്രധാനമന്ത്രിയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മേധാവിയും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഈ വർഷം ജൂലായ് 24 മുതൽ ഓഗസ്റ്റ് 9 വരെ ഒളിമ്പിക്സ് നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അടുത്ത വർഷത്തേക്ക് മാറ്റിയത്. കൃത്യമായ തിയതി അറിയിച്ചിട്ടില്ല.
“ഒളിമ്പിക്സ് ഒരു വർഷത്തോളം നീട്ടിവെക്കാൻ ഞാൻ നിർദ്ദേശിച്ചു, ആ നിര്‍ദ്ദേശം ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് 100 ശതമാനം അംഗീകരിച്ചു”- ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒളിമ്പിക്സിനുള്ള വേദികൾ നേരത്തെ ഒരുക്കുകയും ടിക്കറ്റുകൾ വിറ്റഴിക്കുകയും ചെയ്തിരുന്നു. ഈ അവസരത്തിൽ ഒളിമ്പിക്സ് മാറ്റിവെക്കാൻ തീരുമാനിച്ചത് ടോക്കിയോ നഗരത്തിന് കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കും.
ഒളിമ്പിക്സ് മാറ്റിവയ്ക്കാൻ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റിക്കുമേൽ കടുത്ത സമ്മർദ്ദമാണ് ഉണ്ടായിരുന്നത്. അമേരിക്കൻ നീന്തൽ ഫെഡറേഷനു പിന്നാലെ അമേരിക്കൻ ട്രാക്ക് ആൻഡ് ഫീൽഡും ഒളിമ്പിക്സ് അടുത്തവർഷത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് വിഷയത്തിൽ ചർച്ച നടത്തി തീരുമാനം എടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here