‘മകളെ കാണാൻ കഴിയാത്തതിൽ വേദനയുണ്ട്’; ഷാക്കിബ് അൽ ഹസൻ ഐസൊലേഷനിൽ

ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ ഐസൊലേഷനിൽ. അമേരിക്കയിൽ എത്തിയ ഷാക്കിബ് അൽ ഹസൻ അവിടെ ഒരു ഹോട്ടലിലാണ് സ്വയം ഐസൊലേഷനിൽ കഴിയുന്നത്. ഭാര്യയും മകളും അമേരിക്കയിൽ ഉണ്ടെന്നും കാണാൻ കഴിയാത്തതിൽ വേദനയുണ്ടെന്നും ഷാക്കിബ് പറഞ്ഞു.

തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഷാക്കിബ് അൽ ഹസൻ പ്രിയപ്പെട്ടവരെ കാണാൻ കഴിയാത്തതിലുള്ള വേദന പങ്കുവച്ചത്. “ഈ സമയത്ത്‌ യാത്ര ചെയ്യുന്നത്‌ നല്ലതല്ല എന്ന്‌ എനിക്കറിയാം. മകളുടേയും ഭാര്യയുടേയും അടുത്തേക്ക്‌ എനിക്ക്‌ എത്തണമെന്നുണ്ടയിരുന്നു. യുഎസ്‌എയില്‍ എത്തിയതിന്‌ ശേഷം 14 ദിവസത്തെ സെല്‍ഫ്‌ ഐസൊലേഷനാണ്‌ അധികൃതർ നിര്‍ദ്ദേശിച്ചത്‌. വിമാനത്തില്‍ അധികൃതര്‍ നല്‍കിയ എല്ലാ നിര്‍ദേശങ്ങളും പാലിച്ച്‌ വലിയ കരുതലോടെയാണ്‌ ഞാന്‍ യാത്ര ചെയ്‌തത്‌. എനിക്ക്‌ വൈറസ്‌ ബാധ ഇല്ലായിരിക്കാം. എന്നാലും, മകളുടെ അടുത്തേക്ക്‌ ഇപ്പോള്‍ ഞാന്‍ പോവില്ല”- ഫേസ്ബുക്ക് വീഡിയോയിലൂടെ ഷാക്കിബ് പറഞ്ഞു.

മകളെ കാണാത്തത് തനിക്ക് വേദനയുണ്ടാക്കുന്നുണ്ടെന്നും ഷാക്കിബ് പറഞ്ഞു. പക്ഷേ, സമൂഹത്തിനു വേണ്ടി അത് സഹിക്കുകയാണ്. വിദേശത്തുള്ളവർ അവിടെത്തന്നെ തങ്ങണം. അയല്‍ക്കാരേയും ബന്ധുക്കളേയുമൊന്നും ഈ സമയം വീടുകളിലേക്ക്‌ വരാന്‍ അനുവദിക്കരുത്‌. അടുത്ത 14 ദിവസമെങ്കിലും നിങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും ഷാക്കിബ് പറഞ്ഞു.

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 18,000 കടന്നു. ആകെ കൊറോണ കേസുകളുടെ എണ്ണം നാല് ലക്ഷം കടന്ന് 4,08,892ല്‍ എത്തിയിട്ടുണ്ട്. ആശ്വാസ വാർത്ത 1,07,073 പേർ രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു എന്നുള്ളതാണ്.

Story Highlights: shakib al hasan isolated himself

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top