‘ഒരാഴ്ച വീട്ടിൽ ഇരുന്നപ്പോഴുള്ള അവസ്ഥ’; തുണി അലക്കിയും ശൗചാലയം വൃത്തിയാക്കിയും ശിഖർ ധവാൻ: വീഡിയോ വൈറൽ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്ത് പുരോഗമിക്കുകയാണ്. വിദേശത്ത് നിന്നെത്തുന്നവരെ കൃത്യമായി കണ്ടെത്തി ഐസൊലേറ്റ് ചെയ്യാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഐസൊലേഷനിലായിരുന്നു. ജർമനിയിൽ നിന്ന് തിരികെ എത്തിയ ധവാനെ ഡൽഹിയിലാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നത്. നിരീക്ഷണത്തിനു ശേഷം വീട്ടിലേക്ക് മടങ്ങിയ താരത്തിന് പക്ഷേ, വീട്ടിൽ നല്ല പണിയാണ് കിട്ടിയിരിക്കുന്നത്.

വീട്ടിൽ തുണി അലക്കുകയും ശൗചാലയം വൃത്തിയാക്കുകയും ചെയ്യുന്ന തൻ്റെ വീഡിയോ ശിഖർ ധവാൻ തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. ‘ഒരാഴ്ച വീട്ടിൽ ഇരുന്നതിനു ശേഷമുള്ള ജീവിതം. അതി കഠിനമാണ്’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. വീട്ടുജോലികൾ ചെയ്യുന്ന ധവാനെയും മേക്കപ്പ് ചെയ്ത് ഫോണിൽ സംസാരിച്ച് നിൽക്കുന്ന ഭാര്യ അയെഷ മുഖർജിയെയും വീഡിയോയിൽ കാണാം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

നേരത്തെ, ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച വീഡിയോയിലാണ് താൻ ഐസൊലേഷനിലാണെന്നും സർക്കാർ ജാഗരൂകരാണെന്നും ധവാൻ അറിയിച്ചത്. ജർമനിയിൽ നിന്ന് വന്ന യാത്രക്കാരെയൊക്കെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ മാറി ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവർക്കും പ്രത്യേകം മുറികളും വെള്ളവും തോർത്തും അടക്കം എല്ലാ സംവിധാനങ്ങളും ഉണ്ട്. സർക്കാർ നൽകുന്ന ഭക്ഷണം രുചിയേറിയതാണ്. ഇവിടേക്ക് വരാൻ ഭയമായിരുന്നു. പക്ഷേ, സർക്കാർ തയ്യാറാണ്. ജർമനിയിൽ പോലും ഇത്ര കാര്യക്ഷമമായ പ്രവർത്തനം താൻ കണ്ടില്ലെന്നും ധവാൻ വീഡിയോയിൽ പറഞ്ഞിരുന്നു.

അതേ സമയം, രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 500 കടന്നു. കേരളത്തിൽ 105 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Story Highlights: shikhar dhawan facebook video viral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top