Advertisement

വെള്ളം മാത്രമായിരുന്നു ഭക്ഷണം ; അര്‍ധരാത്രി ചെക്ക്‌പോസ്റ്റില്‍ കുടുങ്ങി നാട്ടില്‍ തിരിച്ചെത്തിയ സംഘത്തിലെ പെണ്‍കുട്ടി പറയുന്നു

March 26, 2020
Google News 2 minutes Read

‘പേടിക്കണ്ടാ മോളേ, പരിഹാരമുണ്ടാക്കാം’ രാത്രി ഒരുമണി സമയത്ത് ഗൂഗിളില്‍ നിന്ന് കിട്ടിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോണ്‍നമ്പറില്‍ നിന്ന് കിട്ടിയ പ്രതികരണമിതായിരുന്നു. വിശപ്പും ദാഹവും പേടിയും തളര്‍ത്തിയ തങ്ങള്‍ക്ക് ആ വാക്കുകള്‍ അക്ഷാരാർത്ഥത്തില്‍ ജീവന്‍ തിരിച്ച് നല്‍കുകയായിരുന്നു. ഹൈദരബാദില്‍ നിന്ന് പുറപ്പെട്ട് അര്‍ധരാത്രി അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയ പെണ്‍കുട്ടികളില്‍ ഒരാളായ തീര്‍ത്ഥ ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു.

‘ ഹൈദരബാദിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഞങ്ങള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ വെള്ളവും ഭക്ഷണവും 31 വരെ മാത്രമാണെന്ന് അറിയിപ്പ് കിട്ടിയത് കൊണ്ടാണ് നാട്ടിലേക്ക് വരാന്‍ തീരുമാനിച്ചത്. നാട്ടിലേക്ക് പുറപ്പെടാന്‍ വിമാന സര്‍വീസ് ആയിരുന്നു ആദ്യം തിരക്കിയത്. എന്നാല്‍ വിമാനയാത്ര നടക്കില്ലെന്നായപ്പോള്‍ നാട്ടിലേക്ക് ബന്ധപ്പെട്ടു. റോഡ് മാര്‍ഗം മൂന്ന് സംസ്ഥാനങ്ങള്‍ കടന്ന് ഈ അവസ്ഥയില്‍ നാട്ടിലെത്തുക എന്നത് ശ്രമകരമാണെന്ന് മനസിലായിരുന്നു. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എംഎം സുഭീഷിന്റെ സഹായത്തോടെ കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ സി ബിജുവിനെ ബന്ധപ്പെട്ടു. ട്രാവലര്‍ സംഘടിപ്പിക്കാമെങ്കില്‍ റോഡുമാര്‍ഗമുള്ള തടസങ്ങള്‍ നീക്കാന്‍ സഹായിക്കാമെന്ന് ഡെപ്യൂട്ടി കളക്ടര്‍ ഉറപ്പ് നല്‍കി. പല ട്രാവല്‍സിലും വിളിച്ചു. വാരാമെന്ന് ഏറ്റ വാഹനങ്ങള്‍ വരെ പിന്നീട് വരാന്‍ പറ്റില്ലെന്ന് വിളിച്ചറിയിച്ചു. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിക്കാണ് പിന്നീട് ഹൈദരബാദിലുള്ള നാട്ടിലെ ബന്ധുവിന്റെ സഹായത്തോടെ ഒരു ട്രാവലര്‍ സംഘടിപ്പിച്ചത്. ട്രാവലര്‍ സംഘടിപ്പിച്ച് ഡെപ്യൂട്ടി കളക്ടറെ വീണ്ടും വിളിച്ചു. രാത്രി വൈകിയും യാത്രാവിലക്ക് ഒഴിവാക്കിത്തരാനാവശ്യമായ ഉത്തരവ് മെയില്‍ അയച്ച് തന്നു. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് യാത്ര പുറപ്പെട്ടു. 13 പെണ്‍കുട്ടികളും സഹപ്രവര്‍ത്തകനായ ഒരു ആണ്‍കുട്ടിയുമായിരുന്നു ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നത്. വഴിയിലുടനീളം ചെക്ക്‌പോസ്റ്റുകളും വഴിതടയലും കടന്നാണ് ട്രാവലര്‍ മുന്നോട്ട് നീങ്ങിയത്. പലതവണ വഴിയില്‍ നിന്ന് തങ്ങളോട് തിരിച്ച് പോവാന്‍ ആവശ്യപ്പെട്ടപ്പോളും കോഴിക്കോട് ഡെപ്യൂട്ടി കളക്ടറാണ് സഹായത്തിനെത്തിയത്. തിരക്കുകള്‍ക്കിടയിലും രണ്ട് റിംഗില്‍ അദ്ദേഹം തങ്ങളുടെ ഫോണിന് ഉത്തരം നല്‍കിയിരുന്നത് മാത്രമായിരുന്നു യാത്രയിലുണ്ടായിരുന്ന ധൈര്യം ‘ തീര്‍ത്ഥ പറഞ്ഞു.

എന്നാല്‍ ബാഗപ്പള്ളി ചെക്ക്‌പോസ്റ്റില്‍ എത്തിയപ്പോള്‍ തിരിച്ചുപോകണമെന്ന് നിര്‍ദേശം കിട്ടി. ഡെപ്യൂട്ടി കളക്ടറുടെ മെയില്‍ കാണിച്ചിട്ടും കടത്തി വിട്ടില്ല. ഡെപ്യൂട്ടി കളക്ടറെ വിളിച്ചപ്പോള്‍ നെറ്റ് വര്‍ക്ക് തകരാര്‍ കാരണം കോള്‍ കിട്ടിയില്ല. എല്ലാവരും കടുത്ത നിരാശയിലായിരുന്നു. മടങ്ങിപോയാല്‍ ഭക്ഷണത്തിനും വെള്ളത്തിനും എന്ത് ചെയ്യുമെന്ന ആശങ്കയിലായിരുന്നു എല്ലാവരും. വീണ്ടും ഡെപ്യൂട്ടി കളക്ടര്‍ ഫോണ്‍വഴി ഇടപെട്ടു. അരമണിക്കൂര്‍ ചര്‍ച്ചക്ക് ശേഷം മറ്റൊരു റോഡ് വഴി യാത്രക്ക് അനുമതി ലഭിച്ചു.

ബംഗളൂരുവിനടുത്തെത്തിയപ്പോഴാണ് രാജ്യം മുഴുവന്‍ ലോക്ക് ഡൗണായുള്ള പ്രഖ്യാപനമുണ്ടായത്. അതോടെ ആകെ പ്രതിസന്ധിയായി. കൊവിഡ് ഭീതി കാരണം വാഷ് റൂമില്‍ പോവാൻ പോലും ഞങ്ങളാരും യാത്രയില്‍ പുറത്തിറിങ്ങിരുന്നില്ല. ലോക്ക് ഡൗണ്‍ കാരണം തിരിച്ചുള്ള യാത്ര ബുദ്ധിമുട്ടാവുമെന്നതിനാല്‍ കേരള അതിര്‍ത്തി വരെയേ ഉണ്ടാകൂ എന്ന് ഡ്രൈവര്‍ അറിയിച്ചു. ഒരുപാട് തവണ അഭ്യര്‍ത്ഥിച്ചെങ്കിലും അതിര്‍ത്തിവരെയേ കൊണ്ട് വിടാന്‍ സാധിക്കൂ എന്ന് ഡ്രൈവര്‍ പറഞ്ഞു. ആ സമയത്ത് നാട്ടില്‍ നിന്നോ പരിചയമില്ലാത്ത വയനാട് കര്‍ണാടക അതിര്‍ത്തിയില്‍ നിന്നോ ഒരു വാഹനം സംഘടിപ്പിക്കുക എന്നത് പ്രതിസന്ധിയായിരുന്നു. മറ്റൊരു വാഹനത്തിന് ഞങ്ങള്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. വനമേഖലയില്‍ പെട്ട തോല്‍പ്പെട്ടി ചെക്ക് പോസ്റ്റിലാണ് ഡ്രൈവര്‍ തങ്ങളെ ഇറക്കി വിടുമെന്ന് പറയുന്നത്. പലതവണ പറഞ്ഞ് നോക്കിയെങ്കിലും ഒരു മണിക്ക് ചെക്ക്‌പോസ്‌റ്റെത്തും അവിടെ ഇറങ്ങിയെ പറ്റൂ എന്ന് ഡ്രൈവര്‍ പറഞ്ഞു.

തുടര്‍ന്നാണ് ഗൂഗിളില്‍ നിന്ന് നമ്പര്‍ എടുത്ത് മുഖ്യമന്ത്രിയെ വിളിച്ചത്. ഏകദേശം ഒരു മണിയാണ് സമയം എന്നോര്‍ക്കണം. റൂമില്‍ നിന്ന് ഇറങ്ങുമ്പോള്‍ കരുതിയ വെള്ളം മാത്രമായിരുന്നു എല്ലാവരുടെയും ഭക്ഷണം. അതും കഴിഞ്ഞിരുന്നു. എല്ലാ പ്രതീക്ഷകളും അവസാനിച്ചപോലെ തോന്നി. ആതിരയാണ് സിഎമ്മിനെ വിളിച്ചത്. ഫോണ്‍ എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി തന്നെ ഫോണ്‍ എടുത്തു. ഞങ്ങളുടെ ഇടറിയ പേടികൂടിയ ശബ്ദത്തില്‍ പ്രശ്‌നങ്ങള്‍ എല്ലാം ചോദിച്ച് മനസിലാക്കിയ മുഖ്യമന്ത്രി പേടിക്കണ്ടാ മോളേ, പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞു. ഒരു രക്ഷിതാവിന്റെ വാക്കുകള്‍ കേട്ട ആശ്വാസമാണ് ഞങ്ങള്‍ക്ക് അപ്പോള്‍ തോന്നിയത്. സിഎം വയനാട് എസ്പിയുടെയും കളക്ടറുടെയും നമ്പര്‍ ആതിരക്ക് കൊടുത്തു. മുഖ്യമന്ത്രി പറഞ്ഞത് പ്രകാരം വിളിക്കുകയാണെന്ന് അറിയിക്കാനും പറഞ്ഞു. എസ്പിയെ വിളിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടെന്നും എല്ലാ സഹായവുമുണ്ടാവുമെന്നും ഉറപ്പ് നല്‍കി. പുലര്‍ച്ചെ മൂന്ന് മണിക്കും എസ്പി സാര്‍ ഞങ്ങളുടെ ഫോണ്‍ കോളുകള്‍ക്ക് ഉത്തരം നല്‍കി കൊണ്ടിരുന്നു. എസ്പിയുടെ നിര്‍ദേശ പ്രകാരം ഞങ്ങള്‍ക്ക് നാട്ടിലെത്താനുള്ള ട്രവലര്‍ എത്തി. ഞങ്ങള്‍ ഓരോരുത്തരെയും വീടുകളിലെത്തിച്ചു.
സംഘത്തിലെ ഒരോരുത്തരും ഇപ്പോള്‍ ഹോം ക്വാറന്റൈനില്‍ തുടരുകയാണെന്നും പാതിരാത്രിയിലും തങ്ങള്‍ക്ക് മുഖ്യമന്ത്രിയില്‍ നിന്നും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച സഹായത്തിന് എല്ലാവരോടും നന്ദിയുണ്ടെന്നും യാത്രാസംഘത്തിലുണ്ടായിരുന്ന തീര്‍ത്ഥ പറഞ്ഞു.

 

Story Highlights- coronavirus, covid19, lock down, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here