വനിതാ ഐപിഎല്ലിന് വേണ്ടി അനന്തമായി കാത്തിരിക്കാനാവില്ല; അടുത്ത വർഷം തുടങ്ങണം: മിതാലി രാജ്

വനിതാ ഐപിഎൽ അടുത്ത വർഷം തുടങ്ങണമെന്ന് ഇന്ത്യൻ ഇതിഹാസ താരം മിതാലി രാജ്. വനിതാ ഐപിഎല്ലിനു വേണ്ടി അനന്തമായി കാത്തിരിക്കാനാവില്ലെന്നും ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡിന് ചെറിയ രീതിയിലെങ്കിലും ഇത് സംഘടിക്കാൻ കഴിയണമെന്നും മിതാലി പറഞ്ഞു. ക്രിക്എൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മിതാലി മനസ്സു തുറന്നത്.
“അടുത്ത വർഷം വനിതാ ഐപിഎൽ ആരംഭിക്കണമെന്നാണ് എൻ്റെ തോന്നൽ. ചെറിയ രീതിയിൽ, ചില മാറ്റങ്ങളോടെ ആണെങ്കിലും അത് നടക്കണം. പുരുഷന്മാരുടെ ഐപിഎല്ലിൽ നാല് വിദേശ താരങ്ങളെയാണ് ഒരു ടീമില്‍ അനുവദിക്കുന്നത്. എന്നാല്‍ വനിതാ ഐപിഎല്ലിൽ അഞ്ചോ ആറോ വിദേശ താരങ്ങളെ പരിഗണിക്കാം. ഇത് നാല് ടീമുകളുമായി ലീഗ് സംഘടിപ്പിക്കാന്‍ ബിസിസിഐയെ സഹായിക്കും. വനിതാ ഐപിഎൽ എന്നത് കാത്തിരിപ്പ് മാത്രമാവാൻ പാടില്ല.”- മിതാലി പറഞ്ഞു.
നിലവിൽ നമുക്ക് പുരുഷടീമുകളെ അപേക്ഷിച്ച് പ്രാദേശിക വനിതാ ക്രിക്കറ്റര്‍മാര്‍ കുറവാണ്. എങ്കിലും നിലവിലുള്ള ഐപിഎല്‍ ഫ്രാഞ്ചസികൾ വിചാരിച്ചാൽ അഞ്ചോ ആറോ ടീമുകൾ ഉൾപ്പെടുത്തിയെങ്കിലും ഇത് നടത്താം. കാരണം, നിലവിൽ ബിസിസിഐ വനിതാ ടി-20 ചലഞ്ചിൽ നാല് ടീമുകളുണ്ടെന്നും മിതാലി പറഞ്ഞു. ഇന്ത്യയുടെ പുതിയ ടി-20 കൗമാര സെൻസേഷൻ ഷഫാലി വർമ്മയെ ഏകദിന ടീമിൽ ഉൾപ്പെടുത്താവുന്നതാണെന്നും മിതാലി കൂട്ടിച്ചേർത്തു.
നേരത്തെ, മുൻ ഇന്ത്യൻ താരം സുനില്‍ ഗാവസ്‌കറും വനിതാ ഐപിഎല്‍ നടത്തണമെന്ന് പറഞ്ഞിരുന്നു. ലോക ടൂര്‍ണമെന്റുകളില്‍ കിരീടം നേടാന്‍ വനിതാ ഐപിഎല്‍ ഇന്ത്യക്ക് കരുത്ത് നല്‍കും എന്നായിരുന്നു ഗാവസ്‌കറിന്റെ വാക്കുകള്‍. എന്നാൽ വനിതാ ഐപിഎല്‍ നടത്താൻ നാല് വർഷമെങ്കിലും വേണ്ടി വരുമെന്ന് ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.
നിലവിൽ വനിതാ ടി-20 ചലഞ്ച് എന്ന പേരിൽ ഒരു മിനി ഐപിഎൽ ബിസിസിഐ നടത്തുന്നുണ്ട്. രണ്ട് ടീമുകളുമായി രണ്ട് വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ടൂർണമെൻ്റ് കഴിഞ്ഞ വർഷം മൂന്ന് ടീമുകളായി അധികരിച്ചു. ഈ വർഷം നാല് ടീമുകൾ ഉണ്ടാവുമെന്നും ബിസിസിഐ അറിയിച്ചിരുന്നു.
Story Highlights: Mithali Raj urges BCCI to start women’s IPL from 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here