തെരുവുനായ്ക്കൾക്കും കുരങ്ങന്മാർക്കും ഭക്ഷണം ഉറപ്പാക്കും; വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും തീറ്റ ഉറപ്പാക്കും: മുഖ്യമന്ത്രി

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷണം ഇല്ലാതായ തെരുവുനായ്ക്കൾക്കും കുരങ്ങന്മാർക്കും ഭക്ഷണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും തീറ്റ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടകളും മറ്റും അടച്ചതോടെ തെരുവുനായ്ക്കൾ ഭക്ഷണം കിട്ടാതെ അലയുന്ന അവസ്ഥയുണ്ട്. അവ അക്രമാസക്തമാവാൻ ഇടയുണ്ട്. ഇത് ശ്രദ്ധിക്കണം. തെരുവു നായകൾക്കുള്ള ഭക്ഷണം നൽകാനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. ശാസ്താംകോട്ട, മലപ്പുറം മുന്നിയൂർ, തലക്ക്ക്കളത്തൂർ, പള്ളിക്കാട് തുടങ്ങിയ കാവുകളിൽ ഭക്തജനങ്ങൾ എത്തുന്നില്ല. ഭക്തജനങ്ങൾ നൽകുന്ന ഭക്ഷണമാണ് കുരങ്ങന്മാർ കഴിച്ചിരുന്നത്. ഇപ്പോൾ അവർക്ക് ഭക്ഷണമില്ല. അതിൻ്റെ ഭാഗമായി അവ അക്രമാസക്തമാകുന്നു. ക്ഷേത്ര അധികാരികൾ കുരങ്ങന് ഭക്ഷണം നൽകാനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും തീറ്റ കൊണ്ടുപോകുന്നതിന് ആശയമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ ചരക്ക് നീക്കൽ സുഗമമാക്കും. പച്ചക്കറി വിത്തുകൾ, വളം എന്നിവയൊക്കെ കൃഷിവകുപ്പ് പ്രാദേശിക വളണ്ടിയർമാരെ ഉപയോഗിച്ച് വിതരണം ചെയ്യും. ഭക്ഷ്യധാന്യങ്ങളുടെയും സാധനങ്ങളുടെയും വിതരണം തടസമില്ലാതെ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ. രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് സ്വദേശികളാണ്. രണ്ട് പേർ കണ്ണൂർ സ്വദേശികൾ. തൃശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം ആളുകൾ ഒരു ദിവസം അസുഖബാധിതരാവുന്നത്.

Story Highligts: Street dogs and monkeys will be fed; food for pets will be ensured: CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top