തിരുവനന്തപുരം ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ സ്റ്റിക്കർ പതിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം

തിരുവനന്തപുരം ജില്ലയിൽനിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ സ്റ്റിക്കർ പതിക്കും. ജിയോ ഫെൻസിംഗ് വഴി ഇവരെ നിരീക്ഷിക്കും. സ്റ്റിക്കർപതിക്കുന്നത് മൂലം നിരീക്ഷണത്തിലുള്ളവരെ ജനങ്ങൾ ഒറ്റപ്പെടുത്തുന്ന സ്ഥിതി ഉണ്ടാവില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുൾപ്പെടെ മൂന്നു പേരാണ് തിരുവനന്തപുരത്ത് ചികിത്സയിൽ ഉള്ളത്.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ കറങ്ങി നടക്കുന്നത് ഒഴിവാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ പുതിയ നടപടി. വീട് നിരീക്ഷണത്തിലാണെന്ന പ്രത്യേക സ്റ്റിക്കർ ജില്ലാ ഭരണകൂടം പതിപ്പിക്കും.
എത്ര പേർ, എത്ര സമയം വരെ നിരീക്ഷണത്തിലുണ്ട് തുടങ്ങിയ വിവരങ്ങളും സ്റ്റിക്കറിലുണ്ടാകും. ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം ഇവരെ പുറത്തു കണ്ടാൽ പൊതു ജനങ്ങൾക്ക് വിവരം കൈമാറുകയും ചെയ്യാം.
ജില്ലയിൽ വർക്കലയിലെ ഇറ്റാലിയൻ പൗരൻ, ശ്രീചിത്രയിലെ ഡോക്ടർ, വെള്ളനാട് സ്വദേശി എന്നിവർ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. എന്നാൽ, വിദേശത്ത് നിന്ന് വന്ന മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ കഴിയവെയാണെന്നും ഇതും ചേർത്ത് ജില്ലയിൽ 3 പേർ ചികിത്സയിലുണ്ടെന്നും മന്ത്രി.
നിരീക്ഷണത്തിലുള്ളവർക്ക് കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം ഉറപ്പാക്കും നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീട്ടിലേക്കുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് അടുത്ത മാവേലി സ്റ്റോർ – സൂപ്പർ മാർക്കറ്റുകളിൽ നിന്ന് എത്തിക്കും.അതിഥി തൊഴിലാളികൾക്ക് വേണ്ടഭക്ഷണവും ആരോഗ്യ പരിശോധനയും ഉറപ്പ് വരുത്തിയിട്ടുണ്ട്.കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും അനുവദിക്കില്ലെന്നും നഗരത്തിലെ മൂന്ന് കടകൾ അടച്ച് പൂട്ടിയതായും മന്ത്രി വ്യക്തമാക്കി.
Story highlight: Thiruvananthapuram, sticker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here