മണ്ണിട്ട് അടച്ച മാക്കൂട്ടം ചുരം തുറക്കാൻ തയാറാകാതെ കർണാടക; കേന്ദ്രത്തെ സമീപിച്ച് കേരളം

കർണാടകാ അതിർത്തി മണ്ണിട്ട് അടച്ചതിൽ കേന്ദ്രത്തെ സമീപിച്ച് കേരളം. വിഷയത്തിൽ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. അടിയന്തരമായി ഇടപെട്ട് ചരക്കുനീക്കത്തിന് സാഹചര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടണമെന്നാണ് ആവശ്യം. കർണാടക അന്തർസംസ്ഥാന നിയമം ലംഘിക്കുകയാണെന്നും കേരളം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ മാക്കൂട്ടം ചുരം തുറക്കാൻ കർണാടകയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിച്ചു നിൽക്കുകയാണ് കർണാടക. കേരളാ ചീഫ് സെക്രട്ടറി കർണാടകയുടെ ചീഫ് സെക്രട്ടറിയോട് വിഷയത്തിൽ ചർച്ച നടത്തിയെങ്കിലും തീരുമാനം ആകാതെ പിരിഞ്ഞു. സംസ്ഥാനത്തേക്കുള്ള ചരക്ക് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. 24 മണിക്കൂറിലേറെയായി ലോറിയുമായി എത്തിയവരെ തടഞ്ഞുവച്ചിരിക്കുന്നു. കർണാടകയിൽ നിന്ന കണ്ണൂരിലേക്കുള്ള റോഡ് ലോറികളിൽ മണ്ണുകൊണ്ടുവന്നിട്ടാണ് പൂർണമായും അടച്ചത്. കൂട്ടുപുഴയിൽ പാലം നിർമിക്കുന്നതിന് സമീപമാണ് മണ്ണിട്ട് നികത്തിയത്.

കേരളത്തിന്റെ അധീനതയിലുള്ള പ്രദേശമാണിത്. കേരളത്തിന്റെ ഭൂമിയിലാണ് നികത്തൽ. ഇവിടെയെത്തിയ തൊഴിലാളികൾ ഭക്ഷണവും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടിലാണ്. കർണാടകയിൽ നിന്ന് വയനാട് മുത്തങ്ങ വഴി മാത്രമേ നിയന്ത്രിത ഗതാഗതം അനുവദിക്കുകയുള്ളുവെന്നാണ് കർണാടക നിലപാട്. അങ്ങനെയാണെങ്കിൽ അവിടെ നിന്ന് 100 കിലോമീറ്ററിൽ അധികം ദൂരം കൂടുതലായതിനാൽ ഉത്തരമലബാറിൽ അവശ്യസാധനങ്ങൾക്ക് ലഭ്യതക്കുറവ് വരും.

മണ്ണിട്ട് റോഡ് അടയ്ക്കുന്ന വിവരമറിഞ്ഞ് ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടൽ നടത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി ബി എച്ച് യതീഷ് ചന്ദ്രയും പൊലീസ് സംഘവും സ്ഥലത്തെത്തി. കർണാടക ഐജി വിപിൽ കുമാർ, കുടക് എസ്പി സുമൻ പലേക്കർ എന്നിവരുമായി ചർച്ച നടത്തിയപ്പോൾ ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് മണ്ണിട്ട് നികത്തൽ എന്ന് മനസിലായിരുന്നു. കുടക് കളക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഫോൺ എടുക്കാൻ തയാറായില്ല.

അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. 39 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ഇന്നലെ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ കാസർഗോഡ് സ്വദേശികളാണ്. രണ്ട് പേർ കണ്ണൂർ സ്വദേശികൾ. തൃശൂർ, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം ആളുകൾ ഒരു ദിവസം അസുഖബാധിതരാവുന്നത്. ഇപ്പോൾ കേരളത്തിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്.

 

makkoottam pass closed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top