‘എസ്പിയുടേത് സെൽഫ് പ്രമോഷൻ; അധികാര ദുർവിനിയോഗം നടത്തി’: യതീഷ് ചന്ദ്രയ്‌ക്കെതിരെ അന്വേഷണ റിപ്പോർട്ട്

കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ചെന്ന് കാണിച്ച് ആളുകളെക്കൊണ്ട് ഏത്തമീടീപ്പിച്ച സംഭവത്തിൽ കണ്ണൂർ എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ അന്വേഷണ റിപ്പോർട്ട്. എസ് പി അധികാര ദുർവിനിയോഗം നടത്തിയെന്ന് കണ്ടെത്തി. ഉത്തരമേഖലാ ഐജി അശോക് യാദവാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
യതീഷ് ചന്ദ്ര സെൽഫ് പ്രമോഷന് ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടിലുണ്ട്. എസ് പി നിയമലംഘനം നടത്തി. യതീഷ് ചന്ദ്ര പ്രാകൃതമായ രീതിയിൽ പരസ്യ ശിക്ഷ നടപ്പാക്കിയതോടെ പൊലീസിനാകെ അവമതിപ്പുണ്ടാക്കി. എത്തമിടീപ്പിച്ച ഒരാളെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചതായി വ്യക്തമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കണ്ണൂർ അഴീക്കലിൽ ഇന്നലെയായിരുന്നു വിവാദ സംഭവം നടന്നത്. ലോക്ക് ഡൗണിനിടെ കൂട്ടം കൂടി നിന്ന ആളുകളെക്കൊണ്ട് യതീഷ് ചന്ദ്ര ഏത്തമിടീപ്പിക്കുകയായിരുന്നുവെന്നാണ് ഉയർന്ന ആരോപണം. ലോക്ക് ഡൗൺ നിർദേശങ്ങൾ ജനങ്ങൾ അനുസരിക്കാത്തതിനാണ് ഏത്തമിടീപ്പിച്ചതെന്നായിരുന്നു യതീഷ് ചന്ദ്ര നൽകിയ വിശദീകരണം.
സംഭവത്തിൽ യതീഷ് ചന്ദ്രയുടെ നടപടിയെ മുഖ്യമന്ത്രി വിമർശിച്ചു. അത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ യശസിനെ പ്രതികൂലമായി ബാധിക്കുന്നതാണ് നടപടിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരമേഖലാ ഐജിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here