ലോക്ക് ഡൗൺ ലംഘിച്ചവരെ ഏത്തമിടീപ്പിച്ച സംഭവം; യതീഷ് ചന്ദ്രയുടേത് ശരിയായ നടപടിയല്ലെന്ന് ഡിജിപി

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് ആളുകളെക്കൊണ്ട് ഏത്തമിടീപ്പിച്ച സംഭവത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം നേടി. സംഭവത്തിൽ ഐജിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഡിജിപി പറഞ്ഞു. എസ് പി യതീഷ് ചന്ദ്രയുടേത് ശരിയായ നടപടിയല്ലെന്നും ഡിജിപി പറഞ്ഞു.
കണ്ണൂർ അഴീക്കലിലായിരുന്നു വിവാദ സംഭവം നടന്നത്. ലോക്ക് ഡൗണിനിടെ കൂട്ടം കൂടി നിന്ന ആളുകളെക്കൊണ്ട് യതീഷ് ചന്ദ്ര ഏത്തമിടീപ്പിക്കുകയായിരുന്നു. ലോക്ക് ഡൗൺ നിർദേശങ്ങൾ ജനങ്ങൾ അനുസരിക്കാത്തതിനാണ് ഏത്തമിടീപ്പിച്ചതെന്നായിരുന്നു യതീഷ് ചന്ദ്രയുടെ വിശദീകരണം. ബോധവത്കരണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നും ഇതിനെ ശിക്ഷയായി കണക്കാക്കാൻ പാടില്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ ജാമ്യമുള്ള വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നത്. നൂറോളം കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു. കേസെടുക്കുന്നതിലോ പിടിച്ച് ജയിലിൽ ഇടുന്നതിലോ അല്ല കാര്യമെന്നും യതീഷ് ചന്ദ്ര പറഞ്ഞു. കൊറോണ വ്യാപിക്കാതിരിക്കുക എന്നതിനാണ് ശ്രദ്ധ കൊടുക്കേണ്ടതെന്നും യതീഷ് ചന്ദ്ര കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here