കേരളത്തിൽ വീണ്ടും കൊവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി

കേരളത്തിൽ വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ് (68 ) ആണ് മരിച്ചത്.
ഇദ്ദേഹത്തിന് രോഗം വന്നതെങ്ങനെയെന്ന് കണ്ടെത്താൻ ആരോഗ്യ വിഭാഗത്തിന് സാധിച്ചിട്ടില്ല. എവിടെ നിന്നാാണ് രോഗത്തിന്റെ ഉറവിടമെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അബ്ദുൽ അസീസ് മരണത്തിന് കീഴടങ്ങിയത്.
Read Also : കൊവിഡ് 19: മൃതദേഹം സംസ്‌കരിക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ [24 Explainer]
ഈ മാസം 28 മുതൽ ഇദ്ദേഹം ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടാണ് ജീവൻ രക്ഷിക്കാൻ സാധിക്കാതിരുന്നതെന്ന് ചികിത്സിച്ച ഡോക്ടർമാർ പറയുന്നു.
ദീർഘനാളായി ഉയർന്ന രക്തസമ്മർദ്ദവും തൈറോയിഡ് സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു അബ്ദുൾ അസീസിന്. കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകുകയും തുടർന്ന് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങുകയും ചെയ്തിരുന്നു.
മരണപ്പെട്ട പോത്തൻകോട് സ്വദേശി വിദേശ യാത്രകളൊന്നും നടത്തിയിട്ടില്ല. വീടിനടുത്തുള്ള ചില മരണാനന്തര ചടങ്ങുകളിലും, വിവാഹങ്ങളിലും മറ്റ് പ്രാർത്ഥനാ ചടങ്ങിലും മാത്രമാണ് ഇയാൾ പങ്കെടുത്തിട്ടുള്ളത്.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുൽ അസീസ്. നേരത്തെ കൊച്ചി ചുള്ളിക്കൽ സ്വദേശി യാക്കൂബ് സേഠ് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here