ആരോഗ്യ പ്രവര്‍ത്തകരെ നിന്ദിക്കരുത്; കൊവിഡ് രോഗികളോട് മുഖ്യമന്ത്രി

ആരോഗ്യ പ്രവര്‍ത്തകരെ നിന്ദിക്കരുതെന്ന് കൊവിഡ് രോഗബാധിതരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിടത്ത് കുറച്ച് രോഗികള്‍ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും പുശ്ചിക്കുന്നതായും നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു. ഇത് അങ്ങേയറ്റം ആപത്കരമാണ്. നിങ്ങളെ രോഗബാധയില്‍ നിന്ന് രക്ഷിക്കുകയെന്നത് നാടിന്റെ ആവശ്യമാണ്. അത്തരമൊരു സാമൂഹ്യ ചുമതലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അവരെ നിന്ദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് മെഡിക്കല്‍ സ്റ്റാഫുകളും അവരുടെ ജീവന്‍ പണയപ്പെടുത്തിയുള്ള ജോലിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇതില്‍പരം ഒരു ത്യാഗമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും രണ്ട് പേര്‍ക്ക് വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. തിരുവനന്തപുരത്ത് എട്ട്, 13 വയസുള്ള രണ്ട് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചയാള്‍ വിദേശത്ത് നിന്നും വന്നതാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വന്നത്.

സംസ്ഥാനത്ത് ആകെ 241 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 215 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നും രണ്ട് പേരുടെ വീതം പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. 24 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഇന്ന് മരിച്ചു. ഇതോടെ രണ്ട് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 150 പേരെ ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,63,129 പേരാണ്. ഇവരില്‍ 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Story Highlights: coronavirus, Covid 19നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More