സംസ്ഥാനത്ത് കുടുങ്ങിയ 232 വിദേശ പൗരന്മാരെ സ്വദേശത്തേക്ക് തിരിച്ചയച്ചു

കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്നുള്ള ലോക് ഡൗണില്‍ സംസ്ഥാനത്ത് കുടുങ്ങിയ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ 232 പൗരന്മാരെ സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജര്‍മന്‍ എംബസിയുടെയും ശ്രമഫലമായി പ്രത്യേക വിമാനത്തില്‍ സ്വദേശത്തേക്ക് യാത്രയാക്കി. ഇവരിലേറെയും ജര്‍മനിയില്‍നിന്നുള്ളവരാണ്. സംസ്ഥാനത്തെ 13 ജില്ലകളിലായി കുടുങ്ങിക്കിടന്നവരെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെത്തിച്ച ശേഷമാണ് യൂറോപ്പിലേയ്ക്ക് യാത്രയാക്കിയത്.
വിദേശത്തു നിന്നുള്ള വിനോദ സഞ്ചാരികളെ സഹായിക്കാന്‍ എല്ലാ ജില്ലയിലും കേരള ടൂറിസം ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചിരുന്നു. കേരളത്തില്‍ കുടുങ്ങിയ ജര്‍മന്‍ പൗരന്മാരെ തിരികെയെത്തിക്കാനുള്ള ജര്‍മന്‍ എംബസിയുടെ പരിശ്രമത്തിന് പൂര്‍ണ പിന്തുണയാണ് സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും നല്‍കിയത്. ജര്‍മന്‍കാര്‍ക്കൊപ്പം മറ്റുള്ളവര്‍ക്കും സൗകര്യമേര്‍പ്പെടുത്തുകയായിരുന്നു.
യൂറോപ്യന്‍ യൂണിയനിലെ വിവിധ രാജ്യങ്ങളിലെ പൗരന്മാരെ കണ്ടെത്തി തിരുവനന്തപുരത്തെത്തിക്കുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നു. കുറഞ്ഞ സമയം കൊണ്ട് ഇവരെ കണ്ടെത്തിയതില്‍ ടൂറിസം വകുപ്പിലെ ജീവനക്കാരും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിമാരും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സുരക്ഷിതമായി ഇവരെ പല സ്ഥലങ്ങളില്‍നിന്ന് തിരുവനന്തപുരത്ത് എത്തിക്കാന്‍ പൊലീസും സഹായിച്ചു.
രാജ്യമൊട്ടാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള അനുമതികള്‍ നേടിയാണ് ഇവരെ തിരുവനന്തപുരത്തെത്തിച്ചത്. ഓരോ ജില്ലയിലും പ്രത്യേകം വാഹനം ഏര്‍പ്പെടുത്തിയിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിനു വേണ്ടി വലിയ വാഹനങ്ങളാണ് ഏര്‍പ്പെടുത്തിയത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും 14 ദിവസത്തോളം ക്വാറന്റീനില്‍ കഴിഞ്ഞവരുമാണ് ഈ 232 പേരുമെന്ന് ഉറപ്പ് വരുത്തി. പലരും കൊവിഡ്-19 പരിശോധന ഫലം സ്വയം നടത്തിയിരുന്നു. ജര്‍മനിയുടെ ബാംഗ്ലൂര്‍ കോണ്‍സുലേറ്റും തിരുവനന്തപുരത്തെ ഓണററി കോണ്‍സുലേറ്റാണ് യാത്രാരേഖയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ചെയ്തത്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here