Advertisement

ഐപിഎൽ ഇല്ലെങ്കിൽ ശമ്പളവും ഇല്ല: ഫ്രാഞ്ചസി ഒഫീഷ്യൽ

April 1, 2020
Google News 2 minutes Read

ഐപിഎൽ നടന്നില്ലെങ്കിൽ കളിക്കാർക്ക് ശമ്പളം ഇല്ലെന്ന് ഫ്രാഞ്ചസി ഒഫീഷ്യൽ. ബിസിസിഐ നിയമം അനുസരിച്ച് ടൂർണമെൻ്റ് നടന്നാൽ മാത്രമേ കളിക്കാർക്ക് ശമ്പളം നൽകൂ. അതുകൊണ്ട് തന്നെ ഐപിഎൽ നടന്നില്ലെങ്കിൽ ടൂർണമെൻ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കളിക്കാർക്ക് ശമ്പളം നൽകാൻ സാധിക്കില്ലെന്ന് ഒരു ഫ്രാഞ്ചസി ഒഫീഷ്യലിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

“ഐപിഎല്ലിൻ്റെ രീതി എന്നാൽ, ടൂർണമെൻ്റ് തുടങ്ങുന്നതിന് ഒരാഴ്ച മുൻപ് 15 ശതമാനം ശമ്പളം നൽകും. 65 ശതമാനം ടൂർണമെൻ്റിൻ്റെ ഇടയിലും ബാക്കിയുള്ള 20 ശതമാനം ടൂർണമെൻ്റ് കഴിഞ്ഞ് ഒരു നിശ്ചിത സമയത്തിനുള്ളിലും നൽകും. ബിസിസിഐ കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. നിലവിൽ രു കളിക്കാരനും ശമ്പളം നൽകില്ല”- അദ്ദേഹം പറഞ്ഞു.

താരങ്ങളുടെ ശമ്പളത്തെപ്പറ്റി ഉറപ്പു പറയാനാവില്ലെന്ന് മറ്റൊരു ഫ്രാഞ്ചസി ഒഫീഷ്യലും പറഞ്ഞു. “കൊവിഡ് 19 പരിധിയിൽ വരാത്തതു കൊണ്ട് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം ഒന്നും ലഭിക്കില്ല.ഓരോ ഫ്രാഞ്ചസിയും 75 മുതൽ 85 കോടി വരെ ശമ്പളമാണ് കൊടുക്കാനുള്ളത്. ടൂർണമെൻ്റ് നടന്നില്ലെങ്കിൽ അത് എങ്ങനെ കൊടുക്കും. ലോകം എമ്പാടുമുള്ള ഫുട്ബോൾ ലീഗുകളിലൊക്കെ താരങ്ങൾ ശമ്പളം വെട്ടിക്കുറക്കുകയാണ്.”- അദ്ദേഹം പറഞ്ഞു.

താരങ്ങൾക്ക് ശമ്പളം നൽകുന്നത് ബുദ്ധിമുട്ടാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് അശൊക് മൽഹോത്രയും പറഞ്ഞു. ആഭ്യന്തര താരങ്ങൾക്ക് പോലും ചിലപ്പോൾ ശമ്പളം കുറച്ച് നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, ശമ്പളം നൽകാനായില്ലെങ്കിൽ കളിക്കാർക്കുണ്ടാവുന്ന പ്രതിസന്ധിയും അവർ പങ്കുവച്ചു. “ധോനിയും കോലിയും പോലുള്ള ആളുകളെ മാത്രമല്ല ഇത് സ്വാധീനിക്കുന്നത്. ആദ്യമായി ഐപിഎൽ കളിക്കുന്നവർക്കും ഇത് തിരിച്ചടിയാകും. 20, 40, 60 ലക്ഷം ലഭിക്കുന്ന പുതിയ താരങ്ങൾക്ക് ആ തുക ചിലപ്പോൾ ജീവിതം തന്നെ മാറ്റിമറിക്കുന്നതായേക്കും. ബിസിസിഐക്ക് എന്തെങ്കിലും പദ്ധതിയുണ്ടാവുമെന്ന് കരുതുന്നു.”- അവർ പറഞ്ഞു.

എന്നാൽ ശമ്പളം വെട്ടിക്കുറക്കലിനെപ്പറ്റി നിലവിൽ ചർച്ചകൾ നടക്കുന്നില്ലെന്ന് ബിസിസിഐ ഖജാൻജി അരുൺ ധനുമൽ പറഞ്ഞു. ശമ്പളം വെട്ടിക്കുറക്കുകയാണെങ്കിൽ പോലും ആഭ്യന്തര താരങ്ങളെ അത് ബാധിക്കില്ലെന്നും ശമ്പള വർധന ഉണ്ടാവാൻ വൈകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് 29നു തുടങ്ങേണ്ട ഐപിഎൽ കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഈ മാസം 15ലേക്ക് മാറ്റിയിരുന്നു. എന്നാൽ ഈ മാസവും ടൂർണമെൻ്റ് നടക്കാൻ സാധ്യതയില്ല.

Story Highlights: No IPL Means No Salaries For Players

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here