Advertisement

നിർബന്ധിത പണപ്പിരിവ് അനുവദിക്കില്ല; സാലറി ചലഞ്ചിനെതിരെ സർക്കാർ ജീവനക്കാരുടെ പ്രതിപക്ഷ സംഘടനകൾ

April 1, 2020
Google News 2 minutes Read

സംസ്ഥാന സർക്കാരിൻ്റെ സാലറി ചലഞ്ചിനെതിരെ സർക്കാർ ജീവനക്കാരുടെ പ്രതിപക്ഷ സംഘടനകൾ രംഗത്ത്. സർക്കാർ ജീവനക്കാരിൽ നിന്നുള്ള നിർബന്ധിത പണപ്പിരിവ് അനുവദിക്കില്ലെന്ന് കേരള എൻജിഒ അസോസിയേഷനും എൻജിഒ സംഘും അറിയിച്ചു. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് കേരള എൻജിഒ അസോസിയേഷൻ അറിയിച്ചു.

കൊവിഡ് 19 പ്രതിരോധത്തിനായി ത്യാഗോജ്വലമായ പ്രവർത്തനങ്ങളാണ് സർക്കാർ ജീവനക്കാർ കാഴ്ചവയ്ക്കുന്നത്. ആ പ്രവർത്തനങ്ങൾ നടത്തുന്ന ജീവനക്കാരുടെ കയ്യിൽ നിന്ന് നിർബന്ധപൂർവ്വം ഒരു മാസത്തെ ശമ്പളം പിരിച്ചെടുക്കുന്നത് അവരുടെ ആത്മവീര്യം തകർക്കുമെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ പറഞ്ഞു. ജീവനക്കാരുടെ വികാരം സർക്കാർ മനസ്സിലാക്കണം. സർക്കാർ സർക്കാർ ജീവനക്കാർ കേരളത്തിലെ സമ്പന്ന വർഗമല്ല. അവരെ സമ്പന്ന വർഗമായി നോക്കിക്കാണുന്ന സർക്കാർ നിലപാട് പുനപരിശോധിക്കണമെന്നും ചവറ ജയകുമാർ പറഞ്ഞു.

ഒരു മാസത്തെ ശമ്പളം മുഴുവൻ നിർബന്ധമായും നൽകണമെന്ന സർക്കാർ തീരുമാനത്തിനെതിരെ എൻജിഒ സംഘും രംഗത്തെത്തി. ജീവൻ പണയം വെച്ച് കൊവിഡ് 19 പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി സർക്കാർ ജീവനക്കാരുണ്ട്. അവർക്ക് മറ്റു സംസ്ഥാനങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങൾ നൽകുമ്പോഴാണ് കേരളത്തിൽ നിർബന്ധിത പണപ്പിരിവ് നടത്തുന്നതെന്ന് എൻജിഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ടിഎൻ രമേശ് പറഞ്ഞു. സർക്കാർ ജീവനക്കാരിൽ നിന്ന് നിർബന്ധമായി പണം തിരിച്ചെടുക്കാൻ പാടില്ല എന്ന സുപ്രിം കോടതി ഉത്തരവ് നിലവിലുണ്ടെന്നും ടി എൻ രമേശ് പറഞ്ഞു.

അതേസമയം, നിർബന്ധിത പണപ്പിരിവ് ഒഴിവാക്കിയാൽ സാലറി ചലഞ്ചിനോട് സഹകരിക്കുമെന്ന് ഇരു സംഘടനകളും അറിയിച്ചു.

Story Highlights: Opposition organizations of government employees against the Salary Challenge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here