Advertisement

ഐപിഎൽ ചുരുക്കി ഇന്ത്യൻ കളിക്കാരെ മാത്രം ഉൾപ്പെടുത്തി നടത്താം: രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചസി ഒഫീഷ്യൽ

April 1, 2020
Google News 2 minutes Read

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ കളിക്കാരെ മാത്രം ഉൾപ്പെടുത്തി ഐപിഎൽ നടത്താമെന്ന നിർദ്ദേശവുമായി രാജസ്ഥാൻ റോയൽസ് എക്സിക്യൂട്ടിവ് ചെയർമാൻ രഞ്ജിത് ബാർതാകുർ. മത്സരങ്ങളുടെ എണ്ണം ചുരുക്കി നടത്താനുള്ള സാധ്യത നോക്കാവുന്നതാണെന്നും അദ്ദേഹം പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ മാസം 29ൽ നിന്ന് ഈ മാസം 15ലേക്ക് ഐപിഎൽ തുടങ്ങാനുള്ള തീയതി നീട്ടിയിരുന്നു. പക്ഷേ, ആ സമയത്തും ടൂർണമെൻ്റ് തുടങ്ങാൻ സാധ്യതയില്ല. ഇതിനിടയിലാണ് രഞ്ജിതിൻ്റെ പ്രസ്താവന.

“ഇന്ത്യൻ കളിക്കാരെ മാത്രം ഉൾപ്പെടുത്തി ഒരു ചുരുക്കിയ ഐപിഎൽ നടത്താം. എന്തായാലും ഇത് ‘ഇന്ത്യൻ’ പ്രീമിയർ ലീഗല്ലേ. നേരത്തെ നമുക്ക് ഇന്ത്യൻ കളിക്കാർ മാത്രമുള്ള ഐപിഎൽ ചിന്തിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ മികച്ച താരങ്ങൾ നമുക്കുണ്ട്. ഐപിഎൽ ഉപേക്ഷിക്കുന്നതിനെക്കാൾ നല്ലത് ഇന്ത്യൻ കളിക്കാരെ മാത്രം ഉൾപ്പെടുത്തി നടത്തുന്നതാണല്ലോ. അതിതരസാധാരണമായ ഒരു സമയമാണിത്. ബിസിസിഐ ഏറ്റവും മികച്ച തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്.”- അദ്ദേഹം പറഞ്ഞു.

അതേ സമയം, ഐപിഎൽ ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്നേക്കുമെന്ന് ബിസിസിഐ പ്രതിനിധി അറിയിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. ഒക്ടോബറിൽ നടക്കാനിരുന്ന ടി-20 ലോകകപ്പ് മാറ്റിവച്ചാൽ ആ മാസങ്ങളിൽ ഏറെ രാജ്യാന്തര മത്സരങ്ങൾ ഉണ്ടാവില്ല. അങ്ങനെയെങ്കിൽ ആ മാസങ്ങളിൽ ഐപിഎൽ നടത്താൻ സാധിച്ചേക്കും. ഓസ്ട്രേലിയയിൽ 6 മാസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു കൊണ്ട് തന്നെ ലോകകപ്പ് നടക്കാനുള്ള സാധ്യത വളരെ വിരളമാണ്. അത് ഉപയോഗപ്പെടുത്തി ഐപിഎൽ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഒക്ടോബറിൽ ഓസ്ട്രേലിയയിലെ ലോക്ക് ഡൗൺ അവസാനിക്കുമെങ്കിലും ഐസിസി ലോകകപ്പ് മാറ്റിവക്കാൻ തീരുമാനിച്ചാൽ ആ സമയം ഉപയോഗപ്പെടുത്താനാവും എന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഐപിഎല്ലിൻ്റെയും ലോകകപ്പിൻ്റെയും ഭാവിയെപ്പറ്റി ഔദ്യോഗിക പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.

Story Highlights: Rajasthan Royals Open To Shortened IPL With “Only Indian Players”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here