ഒറ്റപ്പെട്ട അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ലഭ്യമാക്കാൻ കട്ടപ്പനയിലെ തദ്ദേശ സ്ഥാപനങ്ങൾ
കൊവിഡിന്റെ വ്യാപനം തടയാൻ ലോക്ക് ഡൗൺ നടപ്പിലാക്കിയതിനെ തുടർന്ന് പ്രതിസന്ധിയിലായ, കരാറുകാരുടെ കീഴിൽ ജോലി ചെയ്യുന്നവരല്ലാത്ത അതിഥി തൊഴിലാളികളുടെ ലിസ്റ്റ് തയാറാക്കുന്ന തെരക്കിലാണ് കട്ടപ്പനയിലെ ആരോഗ്യ വിഭാഗം. കട്ടപ്പനയിൽ മാത്രം ആയിരത്തിലധികം അതിഥി തൊഴിലാളികളുണ്ട്. കരാറുകാരുടെ കീഴിൽ ഉൾപ്പെടാത്തതും ഭക്ഷ്യധാന്യത്തിന് ബുദ്ധിമുട്ടുന്നവരുമായ 114 അന്യസംസ്ഥാനക്കാരുടെ ലിസ്റ്റ് വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ തയാറാക്കി. കമ്പിളി വിൽക്കുന്നവർ, ബജിക്കട, മുറുക്കാൻ കട നടത്തുന്നവർ എന്നിവരുൾപ്പെടുന്ന വിഭാഗമാണ് ലോക്ക് ഡൗണിൽ ബുദ്ധിമുട്ടിലായത്. വാടകമുറികളിൽ ഒറ്റപ്പെട്ട ഇവർക്കായി അഞ്ച് ദിവസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എത്തിച്ചു. അരി, സവാള, പരിപ്പ്, ആട്ട, ഉരുളകിഴങ്ങ്, അത്യാവശ്യം പച്ചക്കറികൾ, എണ്ണ, ഉപ്പ്, പയർവർഗങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങളാണ് ഇവർക്ക് എത്തിച്ച് നൽകിയത്. കട്ടപ്പന നഗരസഭയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സംസ്ഥാന സർക്കാർ അനുവദിച്ച ഭക്ഷ്യക്കിറ്റ്, സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ വീടുകളിൽ എത്തിച്ചു നൽകി.
kattappana village, migrant workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here