ഡക്ക്‌വർത്ത്-ലൂയിസ് നിയമത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ ടോണി ലൂയിസ് അന്തരിച്ചു

ക്രിക്കറ്റിലെ മഴ നിയമമായ ഡക്ക്‌വർത്ത്-ലൂയിസ് നിയമത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളായ ടോണി ലൂയിസ് അന്തരിച്ചു. 78 വയസുകാരനായ അദ്ദേഹത്തിൻ്റെ മരണം ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് അറിയിച്ചത്. നിരവധി താരങ്ങൾ ടോണി ലൂയിസിന് ആദരാഞ്ജലികൾ അർപ്പിച്ചു.
1997ലാണ് സ്റ്റാറ്റിസ്റ്റിഷ്യനായ ഫ്രാങ്ക് ഡക്ക്‌വർത്തിനൊപ്പം ചേർന്ന് ഗണിതശാസ്ത്രജ്ഞനായ പ്രൊഫ. ടോണി ലൂയിസ് ഡക്ക്‌വര്‍ത്ത് – ലൂയിസ് രീതി ആവിഷ്‌ക്കരിച്ചത്. 1999-ല്‍ ഐസിസി നിയമം അംഗീകരിച്ചു. 2014ൽ പ്രൊഫസര്‍ സ്റ്റീവന്‍ സ്റ്റേണ്‍ ഈ നിയമത്തില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. നിർദ്ദേശങ്ങൾ ഐസിസി അംഗീകരിച്ചതോടെ അദ്ദേഹത്തിൻ്റെ പേരു കൂടി മഴ നിയമത്തിൽ ചേർത്തു. ഇതോടെ നിയമംഡക്ക്‌വര്‍ത്ത്-ലൂയിസ്-സ്റ്റേണ്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
2010ൽ ലൂയിസിന് എം.ബി.ഇ (മെമ്പര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍) ബഹുമതി ലഭിച്ചിരുന്നു. ക്രിക്കറ്റിനും ഗണിതശാസ്ത്രത്തിനും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്തായിരുന്നു പുരസ്കാരം.
ഡക്ക്‌വർത്ത്-ലൂയിസ്-സ്റ്റേണ്‍ നിയമത്തിനു മുൻപ് മറ്റൊരു തരത്തിലാണ് മഴ കളിക്കുന്ന മത്സരങ്ങളിലെ പുനർനിർണയം നടത്തിയിരുന്നത്. 1992 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് 13 പന്തുകളിൽ 22 റൺസാണ് വേണ്ടിയിരുന്നത്. മഴ മാറി പുനർനിർണയിച്ച വിജയലക്ഷ്യം ഒരു പന്തിൽ 21 റൺസ് എന്നതായിരുന്നു. ഇതോടെ പുതിയ നിയമം വേണമെന്ന് ആവശ്യമുയർന്നു. തുടർന്നാണ് ഡക്ക്‌വർത്ത്-ലൂയിസ് നിയമം ആവിഷ്കരിക്കപ്പെട്ടത്.
Story Highlights: Tony Lewis, of Duckworth-Lewis rain-rules fame, dies aged 78
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here