കൊവിഡ് മരണം അര ലക്ഷം കവിഞ്ഞു

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അര ലക്ഷം കടന്നു. 51,314 പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. 9,99,695 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2,10,191 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. അതേസമയം ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ മരിച്ചു. പെരിന്തൽമണ്ണ സ്വദേശിയായ മലയാളി ഡോക്ടർ ഹംസ പാച്ചേരിയും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ സിയന്നയുമാണ് മരിച്ചത്.

Read Also: അമേരിക്കയിൽ കനത്ത ജാഗ്രത; നിയന്ത്രണ നടപടികൾ പരാജയപ്പെട്ടാൽ കൊവിഡ് മരണം 22 ലക്ഷം വരെയാകാൻ സാധ്യത

മരണനിരക്കിൽ ഫ്രാൻസും ചൈനയെ മറികടന്നു. 4,503 പേരാണ് ഇവിടെ മരിച്ചത്. 24 മണിക്കൂറിനിടെ ബ്രിട്ടനിൽ റെക്കോർഡ് മരണനിരക്കാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം ഇവിടെ 569 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 2921 ആയി. ഇറാനിൽ മരിച്ചവരുടെ എണ്ണം 3,160 ആയി ഉയർന്നപ്പോൾ നെതർലന്റ്സിൽ 1,339ഉം ജർമനിയിൽ 997ഉം പേർ രോഗം ബാധിച്ച് മരിച്ചു. ബെൽജിയത്തിലെ മരണസംഖ്യ 1,011 ആയപ്പോൾ ദക്ഷിണ കൊറിയയിലെ മരണസംഖ്യ 169 ആണ്. സ്വിറ്റ്സർലന്റിൽ 522 പേരും തുർക്കിയിൽ 277 പേരും പോർച്ചുഗലിൽ 209 പേരും മരിച്ചു. ബ്രസീലിലെ മരണസംഖ്യ 252 ആയി ഉയർന്നപ്പോൾ സ്വീഡനിൽ 282 പേർ മരിച്ചു. അതേസമയം ചൈനയിലെ മരണസംഖ്യ 3,318 ആയി വർധിച്ചു. ഇന്തോനേഷ്യ-170, ഓസ്ട്രിയ-158, ഫിലിപ്പൈൻസ്-107, ഡെൻമാർക്ക്-123, ജപ്പാൻ-57, കാനഡ-131, ഇറാഖ്-54, ഇക്വഡോർ-98. എന്നിങ്ങിനെയാണ് മറ്റു രാജ്യങ്ങളിലെ മരണനിരക്ക്.

ഇന്തോനേഷ്യയിലെ ജനവാസമില്ലാത്ത ഗലാങ് ദ്വീപിൽ കൊവിഡ് രോഗികൾക്കായി പുതിയ ആശുപത്രി ഒരുക്കുകയാണ്. ശ്രീലങ്കയിൽ അതിവേഗം രോഗം പടരുകയാണ്. ഒറ്റദിവസത്തെ കേസുകളിൽ വൻവർദ്ധനവാണുണ്ടായത്. കൊളംബോയും ജാഫ്നയുമുൾപ്പെടെയുള്ള മേഖലകളിൽ നിശാനിയമം തുടരുകയാണ്. നിയമം ലംഘിച്ച 7,000 പേരെ അറസ്റ്റ് ചെയ്തു. മെക്സിക്കോയിൽ 29 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. ക്യൂബ രാജ്യാന്തര വിമാന വരവ് നിരോധിച്ചു. വിദേശ ബോട്ടുകൾ തീരത്തുനിന്ന് പിന്മാറണമെന്നും നിർദേശിച്ചിട്ടുണ്ട്. വൈറസ് പരിശോധനയ്ക്ക് നൂറിലേറെ രാജ്യങ്ങൾ ദക്ഷിണ കൊറിയയുടെ സഹായം തേടി.

 

coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top