കൊവിഡ് 19: ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ്

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങളുടെ കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്. താരങ്ങളുടെയും ഒഫീഷ്യലുകളുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് ദക്ഷിണാഫ്രിക്കയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഷൊഐബ് മഞ്ച്ര പറഞ്ഞു. ഇന്ത്യയിൽ ഏകദിന പരമ്പരക്കായി എത്തിയ ടീം ദക്ഷിണാഫ്രിക്കയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
“കളിക്കാരെല്ലാം ഇത്രയും ദിവസം സെല്‍ഫ് ഐസൊലേഷനിലായിരുന്നു. ഇനി അത് തുടരേണ്ടതില്ല. പക്ഷേ,, രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കളിക്കാര്‍ക്ക് അവരവരുടെ വീടുകളില്‍ തന്നെ കഴിയേണ്ടി വരും. സര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ താരങ്ങളും പിന്തുടരേണ്ടതാണ്”- മഞ്ച്ര പറഞ്ഞു.
നേരത്തെ, താരങ്ങളോട് 14 ദിവസത്തെ സ്വയം ഐസൊലേഷനിൽ കഴിയാനാണ് ഭരണകൂടം നിർദ്ദേശിച്ചിരുന്നത്. സാമൂഹ്യ അകലം പാലിക്കണമെന്നും താരങ്ങൾക്ക് നിർദ്ദേശം നൽകി.
കൊവിഡ് 19 വൈറസ് ബാധയെത്തുടർന്നാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം റദ്ദാക്കിയത്. മൂന്ന് ഏകദിനങ്ങൾ അടങ്ങിയ പരമ്പരയിൽ ധരംശാലയിൽ തീരുമാനിച്ചിരുന്ന ആദ്യത്തെ മത്സരം മഴ മൂലം മാറ്റിവച്ചു. പിന്നീട് ലക്നൗവിൽ നടക്കേണ്ടിയിരുന്ന രണ്ടാം മത്സരത്തിനു മുന്നോടിയായിൽ പരമ്പര ഉപേക്ഷിക്കാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നാട്ടിലേക്ക് മടങ്ങിയ താരങ്ങളോടാണ് സ്വയം ഐസൊലേഷനിൽ കഴിയാൻ ഭരണകൂടം നിർദ്ദേശിച്ചത്.
അതേ സമയം, കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂർ താമസിച്ച ഹോട്ടലിൽ അതേ സമയം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരങ്ങളും ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. മാർച്ച് 11 മുതൽ കനിക താമസിച്ച ഹോട്ടലിലാണ് ഇന്ത്യൻ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കൻ താരങ്ങളും താമസിച്ചിരുന്നത്. ഇത് ആശങ്ക സൃഷ്ടിച്ചിരുന്നു.
Story Highlights: South African Cricketers Test Covid-19 Negative After Returning From India Tour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here