‘വൈറസുകളേക്കാൾ വിഷമുള്ള മനുഷ്യ വൈറസുകൾ’; ഡിവൈഎഫ്ഐയ്ക്ക് മറുപടിയുമായി യു പ്രതിഭ എംഎൽഎ

ഡിവൈഎഫ്ഐയുടെ വിമർശനത്തിന് മറുപടിയുമായി കായംകുളം എംഎൽഎ യു പ്രതിഭ. വൈറസുകളെക്കാൾ വിഷമുള്ള മനുഷ്യ വൈറസുകൾ സമൂഹത്തിൽ ഇറങ്ങിയിട്ടുണ്ടെന്നാണ് പ്രതിഭ ഫേസ്ബുക്കിലൂടെ തിരിച്ചടിച്ചത്. കഴിഞ്ഞ ദിവസമാണ്, കായംകുളത്ത് എംഎൽഎ ഓഫീസ് ഉൾപ്പടെ പ്രവർത്തിക്കുന്നില്ലെ ചൂണ്ടിക്കാണിച്ച് ഡിവിഎഫ്ഐ ജില്ലാനേതാക്കൾ സാമൂഹ്യമാധ്യമങ്ങളിലൂടെ എംഎൽഎയ്ക്കെതിരെ വിമർശനം ഉന്നയിച്ചത്.
കായംകുളത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എംഎൽഎ യു പ്രതിഭ വിട്ടുനിൽക്കുന്നു എന്നായിരുന്നു ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗങ്ങൾ ഉൾപ്പടെയുള്ളവരുടെ വിമർശനം. എംഎൽഎയ്ക്കെതിരായ അതൃപ്തി പല നേതാക്കളും ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. “എം എൽ എ വീട്ടിൽ ഇരുന്നോളു പക്ഷേ ഓഫീസ് തുറക്കാൻ തയ്യാറാകണം എന്നായിരുന്നു ഒരു ഡിവൈഎഫ്ഐ നേതാവിന്റെ പരിഹാസം. ഓഫീസ് സ്റ്റാഫുകൾക്ക് ബുദ്ധിമുട്ടാണെങ്കിൽ ഡിവൈഎഫ്ഐക്കാർ ഓഫീസ് പ്രവർത്തിപ്പിക്കാമെന്നും നേതാക്കൾ ആഞ്ഞടിച്ചു. ഇതിന് മറുപടിയുമായാണ് എംഎൽഎ രംഗത്തെത്തിയത്.
അതേസമയം, എംഎൽഎയ്ക്കെതിരായ പോസ്റ്റുകൾ ഷെയർ ചെയ്യണമെന്ന പ്രാദേശിക നേതാവിന്റെ വാട്സ്ആപ്പ് സന്ദേശം പുറത്തായതോടെ സിപിഐഎം നേതൃത്വവും പ്രതിരോധത്തിലായി. സംഭവം വിവാദമായതോടെ ചിലർ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.