അതിർത്തി തുറക്കാത്തത് ദൗർഭാഗ്യകരം; കേരളം ഏറ്റുമുട്ടലിനില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

അതിർത്തി തുറക്കാത്ത കർണാടകയുടെ നടപടി ദൗർഭാഗ്യകരമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ. അതിർത്തി തുറക്കില്ലെന്ന നിലപാട് തിരിച്ചടിയായി. കർണാടകയുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി പ്രതീക്ഷിച്ചു. കേരളം ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി പറഞ്ഞു.
കർണാടക അതിർത്തി തുറക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രംഗത്തെത്തിയിരുന്നു. കാസർഗോഡ് സ്ഥിതി ഗൗരവതരമാണെന്നും ഈ സാഹചര്യത്തിൽ അതിർത്തി തുറക്കാൻ സാധിക്കില്ലെന്നുമാണ് യെദ്യൂരപ്പ പറഞ്ഞത്. ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയ്ക്ക് അയച്ച മറുപടി കത്തിലായിരുന്നു വിശദീകരണം. അതിർത്തി തുറക്കുന്നത് കർണാടകയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കർണാടക അതിർത്തി അടച്ചതോടെ കേരളത്തിൽ നിന്നുള്ള ചരക്ക് നീക്കം തടസപ്പെട്ടിരിക്കുകയാണ്. ചികിത്സ കിട്ടാതെ ചില രോഗികൾ മരിക്കുകയും ചെയ്തു. ഇക്കാര്യം ഉൾപ്പെടെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. അതിനിടെയാണ് അതിർത്തി തുറക്കില്ലെന്ന നിലപാട് ആവർത്തിച്ച് കർണാടക മുഖ്യമന്ത്രി രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here