ഏഴടി ഉയരമുള്ള കുന്നംകുളത്തെ അജ്ഞാതൻ; പ്രചരിക്കുന്നത് വ്യാജ ദൃശ്യം

തൃശൂർ കുന്നംകുളം ഭാഗത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി ജനങ്ങളെ ഭീതിയിലാക്കി ഒരു അജ്ഞാത രൂപം ഇറങ്ങിയിട്ടുണ്ട്. രാത്രി പതിനൊന്ന് മുതൽ പുലർച്ചെ മൂന്ന് വരെയൊക്കെ ഇയാൾ നാട്ടിൽ കറങ്ങുന്നതായാണ് നാട്ടുകാർ പറയുന്നത്. ഇയാളുടെ ശല്യം കാരണം നാട്ടുകാർക്ക് പുറത്തിറങ്ങാൻ ഭയമാണ്. അതിനിടെ കുന്നംകുളത്തെ കള്ളന്റേതെന്ന രീതിയിൽ ചില ദൃശ്യങ്ങളും പ്രചരിച്ചു. അതിൽ ഏറ്റവും വിശ്വസനീയമെന്ന് ജനങ്ങൾ കരുതിയ ഒരു വീഡിയോ വ്യാജമാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
രാത്രിയിൽ വഴിയിലൂടെ നടന്നുനീങ്ങുന്ന ഒരാളുടെ സിസിടിവി ദൃശ്യങ്ങളാണ് കുന്നംകുളത്തെ കള്ളന്റേതെന്ന പേരിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാൽ ഇത് യഥാർത്ഥത്തിൽ മറ്റൊരു കള്ളന്റെ ദൃശ്യമാണ്. മലപ്പുറം കരുളായിയിൽ വീട്ടുസാധനങ്ങൾ മോഷ്ടിക്കാനായി എത്തിയ ആളുടെ ദൃശ്യങ്ങളാണ് ഇത്. ദൃശ്യങ്ങൾ പ്രത്യേകമായി എഡിറ്റ് ചെയ്താണ് പ്രചരിക്കുന്നത്. യഥാർത്ഥ ദൃശ്യത്തിൽ ഉള്ളത് സാധാരണ ഉയരമുള്ള ആളാണ്. അജ്ഞാതന്റേതെന്ന പേരിലുള്ള വീഡിയോയിൽ ആളുടെ കാലിന് നീളക്കൂടുതൽ ഉള്ളതായി കാണാം. ക്യാമറയ്ക്ക് മുന്നിൽ ആളുകളെ പറ്റിച്ച് കാഴ്ചക്കാരെ രസിപ്പിക്കുന്ന പ്രാങ്ക് എന്ന പരിപാടിയാണിതെന്ന് പൊലീസ് സംശയിക്കുന്നു.
read also: തൃശൂരിൽ ജനങ്ങളെ പരിഭ്രാന്തിയിലാക്കി അജ്ഞാതരൂപം
കുന്നംകുളത്തെ കള്ളന്റെ വീഡിയോയോ ചിത്രങ്ങളോ ആർക്കും ഇതുവരെ പകർത്താൻ സാധിച്ചിട്ടില്ല. ഏഴടിയോളം ഉയരമുണ്ടെന്നും ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിലേയ്ക്ക് ഞൊടിയിടയിൽ പറന്ന് നടക്കുമെന്നുമൊക്കെ പറയപ്പെടുന്നു. പുലർത്തെ വീടുകളിൽ എത്തി കോളിംഗ് ബെൽ അടിയ്ക്കുക, ടാപ്പ് തുറന്നിടുക, ടോർച്ച് തെളിയ്ക്കുക, ജനലിൽ മുട്ടുക തുടങ്ങിയതാണ് കുന്നംകുളത്തെ അജ്ഞാതന്റെ പരിപാടി. സ്ത്രീകളെ ഉപദ്രവിച്ചതായി ചിലർ പറയുന്നു. ഇയാളുടെ മുഖം ആരും ഇതുവരെ വ്യക്തമായി കണ്ടിട്ടില്ല. എവിടെയും മോഷണം നടന്നിട്ടുമില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കള്ളനെ പിടിയ്ക്കാൻ വാട്സ്ആപ്പിൽ പ്രത്യേക ഗ്രൂപ്പ് വരെ തുടങ്ങിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here