Advertisement

പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ചയായ പ്രധാന കാര്യങ്ങള്‍

April 5, 2020
Google News 1 minute Read

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് നടത്തി. കൊവിഡ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിനായിരുന്നു വിഡിയോ കോണ്‍ഫറന്‍സ്. പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ചയായ പ്രധാന കാര്യങ്ങള്‍

1. വിദേശരാജ്യങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലം ഒരുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഈ വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്.

2. സ്‌കൂളുകള്‍ അടഞ്ഞുകിടക്കുമ്പോഴും വലിയ തുക ഫീസായി കൊടുക്കേണ്ടി വരുന്നു. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി മാനേജ്‌മെന്റുകളുമായി ഇക്കാര്യം സംസാരിക്കണം എന്ന അഭ്യര്‍ത്ഥന കോണ്‍ഫറന്‍സിലുണ്ടായി. ആ വിഷയം പ്രത്യേകം പരിഗണിക്കാമെന്ന് ഉറപ്പു നല്‍കി. സ്‌കൂള്‍ അധികൃതരോട് പൊതുഅഭ്യര്‍ത്ഥന നടത്തുകയും കേന്ദ്രസര്‍ക്കാര്‍ വഴി മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

3. നിയന്ത്രണം കഴിയുന്നതുവരെ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരുകയാണ് വേണ്ടത്. അത് കഴിഞ്ഞാല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് ഏര്‍പ്പെടുത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടും.

4. കൊവിഡ് ബാധിച്ചതല്ലാത്ത മരണങ്ങള്‍ നടന്നാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തടസമില്ല.

5. കുടുംബത്തിന് പണം ആവശ്യമുണ്ടെങ്കിലും പ്രവാസികള്‍ക്ക് പണം അയക്കാനാവാത്ത പ്രശ്‌നമുണ്ട്. ഈടില്ലാതെ, പിന്നീട് പ്രവാസികള്‍ തിരിച്ചടക്കുന്ന രീതിയില്‍, പ്രവാസികളുടെ കുടുംബത്തിന് വായ്പ കൊടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം എസ്എല്‍ബിസിയുടെ ശ്രദ്ധയില്‍ പ്പെടുത്തി ആവശ്യമായ നടപടിയെടുക്കും.

6. തിരിച്ചടവ് മുടങ്ങിയ പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് പിഴ ഒഴിവാക്കി കൊടുക്കും.

7. ലോക കേരള സഭ അംഗങ്ങള്‍ക്കും ക്ഷണിതാക്കള്‍ക്കും ഓണ്‍ലൈന്‍ വഴി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കാര്യങ്ങളില്‍ പരിശീലനം നല്‍കും.

Read Moreപ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലങ്ങളില്‍ ഇടപെടും: മുഖ്യമന്ത്രി

8. പ്രവാസികളുടെ ഡാറ്റ ശേഖരിക്കാനുള്ള ശ്രമം ഊര്‍ജിതപ്പെടുത്തും.

9. കൊവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിന് ഉതകുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.

10. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി തന്നെ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളായിട്ടുള്ളവരും രോഗം സംശയിക്കുന്നവരും നേരിടുന്ന പ്രശ്‌നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രിക്കും മറ്റും ഈ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കത്തയച്ചിട്ടുണ്ട്. നോര്‍ക്ക വഴി ഫലപ്രദമായി ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. നോര്‍ക്കയുടെ ഹെല്‍പ്പ്‌ലൈനില്‍ പ്രവാസികള്‍ക്ക് വിളിക്കാവുന്നതാണ്.

11. ചില വിദേശ രാജ്യങ്ങളില്‍ ബാച്ചിലേഴ്‌സ് അക്കോമഡേഷനുകളിലും ലേബര്‍ ക്യാമ്പുകളിലും ഒന്നിച്ചുകഴിയുന്നവരില്‍ ആര്‍ക്കെങ്കിലും അസുഖം വരികയോ അസുഖസംശയം വരികയോ ചെയ്താല്‍ അവര്‍ക്ക് ക്വാറന്റീനില്‍ പോകാന്‍ പ്രത്യേക മുറിയോ മറ്റ് സൗകര്യമോ ഇല്ലാത്ത അവസ്ഥയുണ്ട്. ഓരോ പ്രദേശത്തുമുള്ള സംഘടനകള്‍, ലോകകേരള സഭയുടെ അംഗങ്ങള്‍, ഇവരെല്ലാം കൂടിയുള്ള പൊതുവായ ആലോചന ഇക്കാര്യത്തില്‍ നടത്തുന്നത് നല്ലതാണ്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായാല്‍ അവരെ താമസിപ്പിക്കാനുള്ള സൗകര്യവും ഭക്ഷണ സൗകര്യവും ഒരുക്കാനാകണം. രോഗിയായി ആശുപത്രിയിലായവരുടെ കാര്യങ്ങളില്‍ തുടരന്വേഷണത്തിനും കൂട്ടായ്മ വേണം. ഇക്കാര്യത്തില്‍ ആവശ്യമായ കാര്യങ്ങള്‍ നോര്‍ക്കയുമായി പങ്കുവയ്ക്കാവുന്നതാണ്.

12. പുറത്തുപോയി ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലബോറട്ടറി ജീവനക്കാര്‍, ഫാര്‍മസിസ്റ്റുകള്‍, മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണ ജീവനക്കാര്‍, മാലിന്യസംസ്‌കരണത്തില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങിയ ജീവനക്കാര്‍ ഓരോ സ്ഥലത്തും ജോലി ചെയ്യുന്നുണ്ട്. അത്തരക്കാരുടെ സുരക്ഷ ഈ ഘട്ടത്തില്‍ വളരെ പ്രധാനമാണ്. പലയിടത്തും വ്യക്തിസുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട് എന്നറിയുന്നു. സാനിറ്റൈസര്‍, മാസ്‌ക്ക്, മറ്റു സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുന്നതില്‍ അവിടത്തെ സംഘടനകള്‍ ശ്രദ്ധിക്കണം.

13. ഇതോടൊപ്പം സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കമ്മ്യൂണിക്കേഷന്‍ രംഗം, ഭക്ഷണം വീടുകളില്‍ എത്തിച്ചുകൊടുക്കുന്നവര്‍, ഫാര്‍മസി, മാധ്യമ രംഗം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമുണ്ട്. കേരളത്തില്‍ നമുക്കാവശ്യമായ സന്നദ്ധസേന രൂപീകരിച്ചു കഴിഞ്ഞു. അതേപോലെ പ്രവാസി സംഘടനകള്‍ കൂടിച്ചേര്‍ന്ന് ഈ ഘട്ടത്തില്‍ എങ്ങനെ ഇടപെടാനാകും എന്നതിന് ഒരു പ്രവര്‍ത്തന പദ്ധതിക്ക് അവിടത്തെ സ്ഥിതി വച്ച് രൂപം നല്‍കുന്ന കാര്യം ആലോചിക്കണം.

14. കൊവിഡ് പ്രതിരോധത്തിനായുള്ള ഒരു ടാസ്‌ക് ഫോഴ്‌സ് അതത് സ്ഥലത്തെ പ്രായോഗികതയ്ക്കുനുസരിച്ച് രൂപീകരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം.

15. ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മറ്റുള്ളവര്‍ ഇവരുടെ പ്രദേശങ്ങള്‍ തിരിച്ചുള്ള ഒരു സമഗ്ര ഡാറ്റാബാങ്ക് തയാറാക്കാനാകുമോ എന്ന കാര്യം പരിശോധിക്കണം. കോമണ്‍ ഡാറ്റാ ഫോര്‍മാറ്റ് നോര്‍ക്ക വെബ്‌സൈറ്റില്‍ കൊടുക്കുന്നുണ്ട്. അതില്‍ ഈ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. ഓരോ പ്രദേശത്തുമുള്ള എല്ലാ വിവരങ്ങളും ശേഖരിക്കാനാകണം. എന്നാല്‍ ചില രാജ്യങ്ങളില്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ പ്രശ്‌നമുണ്ട്. അതിനു വിരുദ്ധമായി പോകാതിരിക്കാന്‍ പ്രത്യേകമായി ശ്രദ്ധിക്കണം. അതോടൊപ്പം പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിസ പുതുക്കല്‍, തൊഴില്‍ദാതാവില്‍ നിന്നുള്ള സമാശ്വാസ സഹായം എന്നീ കാര്യങ്ങളില്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാന്‍ വ്യാപകമായി ഇടപെടണം. ഇക്കാര്യത്തില്‍ മറ്റെല്ലാം മറന്ന് സംഘടനകള്‍ കൂട്ടായി നിന്ന് കാര്യങ്ങള്‍ നീക്കണം.

16. വിദ്യാര്‍ത്ഥികള്‍ പലയിടങ്ങളിലും പാര്‍ട് ടൈം ജോലിയെടുത്ത് വരുമാനം ഉറപ്പിക്കുന്നവരുണ്ട്. ഈ സാഹചര്യത്തില്‍ അവരെ സഹായിക്കാന്‍ അവിടെയുള്ള പ്രധാന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചെറുതെങ്കിലും ഒരു ജോലി തരപ്പെടുത്തികൊടുക്കാന്‍ പറ്റുമോ എന്നത് എല്ലാവരും കൂടി ശ്രദ്ധിക്കണം.

Story Highlights: coronavirus, Covid 19, Cm Pinarayi Vijayan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here