Advertisement

ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ‘ഷീ ടാക്സി’

April 5, 2020
Google News 1 minute Read

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണില്‍ ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും സഹായവുമായി ഷീ ടാക്സി. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന, ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും വൃദ്ധ ജനങ്ങള്‍ക്കും മരുന്നുകള്‍ വാങ്ങുന്നതിനും അപ്പോയ്ന്‍മെന്റ് എടുത്തവര്‍ക്ക് ആശുപത്രികളില്‍ പോകുന്നതിനും ഷീ ടാക്സി സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ 15 കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും ഷീ ടാക്സിയുടെ സേവനം തുടക്കത്തില്‍ ലഭ്യമാവുക. ഷീ ടാക്സി സേവനം ആവശ്യമുള്ളവര്‍ക്ക് കേന്ദ്രീകൃത കോള്‍ സെന്ററിലേക്ക് (7306701200, 7306701400) ബന്ധപ്പെടാവുന്നതാണ്. മരുന്നുകള്‍ ആവശ്യമുള്ളവര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടുന്നതോടൊപ്പം ഡോക്ടറുടെ കുറിപ്പടി കൂടി ഈ മൊബൈല്‍ നമ്പരിലേക്ക് വാട്സാപ്പ് മുഖേന അയച്ചു കൊടുക്കേണ്ടതാണ്.

ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് പൂര്‍ണമായും സൗജന്യമായിട്ടായിരിക്കും ഈ സേവനം ലഭ്യമാക്കുക. മറ്റുള്ളവരില്‍ നിന്നും കിലോമീറ്ററിന് അംഗീകൃത നിരക്കില്‍ നിന്നും പകുതി ഈടാക്കുന്നതാണ്. അതേസമയം, എപിഎല്‍ വിഭാഗത്തില്‍പ്പെട്ടവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സൗജന്യ സേവനം നല്‍കുന്നതാണ്. സൗജന്യ സേവനം നല്‍കുന്നതിലൂടെ ഷീ ടാക്സി ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ചെലവ് ജെന്‍ഡര്‍ പാര്‍ക്കും, ഗ്ലോബല്‍ ട്രാക്സും (കോള്‍ സെന്റര്‍), ഷീടാക്സി ഡ്രൈവര്‍മാരും ചേര്‍ന്നാകും വഹിക്കുക. സുരക്ഷ ഉറപ്പാക്കുന്നതിനായി ഷീ ടാക്സി ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷാ കിറ്റുകള്‍ തിരുവനന്തപുരം നിംസ് ആശുപത്രി നല്‍കും.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here