‘ഗെറ്റ് എനി’; വീട്ടില്‍ അകപ്പെട്ടവര്‍ക്ക് അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിക്കാന്‍ മൊബൈല്‍ ആപ്പുമായി ഡിവൈഎഫ്ഐ

ലോക്ക് ഡൗൺ കാലത്ത് വീട്ടില്‍ അകപ്പെട്ടവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിക്കാന്‍ മൊബൈല്‍ ആപ്പുമായി ഡിവൈഎഫ്ഐ. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ളവർക്കാണ് അപ്പിൻ്റെ പ്രയോജനം ലഭ്യമാവുക. ‘ഗെറ്റ് എനി’ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 15 കേന്ദ്രങ്ങളിലായി 10 പ്രവർത്തകർ വീതം 150 ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഗെറ്റ് എനി ‘ എന്ന ആപ്പിനായി 24 മണിക്കൂറും പ്രവർത്തിക്കുന്നത്. ടെക്നോപാർക്കിലെ യുവ സംരംഭകരായ അരുൺ രാജ്, രാജു ജോർജ്ജ്, ജംഷിദ് കെകെ എന്നിവരാണ് ഈ ആപ്പ് നിർമ്മിച്ചിരിക്കുന്നത്.
ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല സെക്രട്ടറി വി വസീഫ് അപ്പിനെ കുറിച്ച് വിശദീകരിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ് അപ്പ് പുറത്തിറക്കി. www.getanyapp.com എന്ന വെബ്‌സൈറ്റ് വഴിയും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നേരിട്ടും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. ആരോഗ്യവകുപ്പ് നിർദേശിക്കുന്ന എല്ലാ മാർഗനിർദ്ദേശങ്ങളും പാലിച്ചാണ് പ്രവർത്തകർ ആവശ്യവസ്തുക്കൾ വീടുകളിൽ എത്തിക്കുന്നത്.
അതേ സമയം, സംസ്ഥാനത്ത് 8 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും അഞ്ച് പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ നാല് പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്ന് വന്നതാണ്. നിസാമുദ്ദീനില്‍ നിന്നും വന്ന 10 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആറ് പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നും നാല് പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.
Story Highlights: get any app by dyfi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here