Advertisement

കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് സജ്ജം; കൊവിഡ് രോഗികള്‍ക്കായി 200 ഓളം കിടക്കകള്‍ ഒരുക്കി: മുഖ്യമന്ത്രി

April 6, 2020
Google News 1 minute Read

കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് ദിവസംകൊണ്ടാണ് മെഡിക്കല്‍ കോളജിനെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കിയത്. ആദ്യ ഘട്ടത്തില്‍ കൊവിഡ് രോഗികള്‍ക്കായി 200 ഓളം കിടക്കകളും 10 ഐസിയു കിടക്കകളും ഒരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

100 കിടക്കകളും 10 ഐസിയു കിടക്കകളും ഉടന്‍ സജ്ജമാകും. ഏഴ് കോടി രൂപയോളം വരുന്ന അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 10 കോടി രൂപ സാമൂഹ്യപ്രതിബദ്ധത ഫണ്ടില്‍ നിന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. 26 പേരടങ്ങുന്ന വിദഗ്ധ സംഘം കാസര്‍ഗോഡ് എത്തിയിട്ടുണ്ട്. ഇവര്‍ കൊവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. രണ്ടുപേര്‍ മലപ്പുറം സ്വദേശികളും. കൊല്ലം പത്തനംതിട്ട സ്വദേശികളായ ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

കാസര്‍ഗോഡ് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലത്തും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചവര്‍ നിസാമുദീന്‍ സമ്മേളത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്ത് നിന്നാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേര്‍ ചികിത്സയിലാണ്. ഒരുലക്ഷത്തി അന്‍പത്തിരണ്ടായിരത്തി എണ്ണൂറ്റി നാലുപേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തി അന്‍പത്തിരണ്ടായിരത്തി ഒന്‍പത് പേര്‍ വീടുകളിലും 795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് ഇന്ന് രോഗം ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights: coronavirus, Covid 19, Cm Pinarayi Vijayan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here