‘ഫേസ് മാസ്ക് എങ്ങനെ വീട്ടിൽ നിർമ്മിക്കാം’; ഇന്ദ്രൻസിന്റെ വീഡിയോ പങ്കുവച്ച് കെകെ ശൈലജ ടീച്ചർ

കൊവിഡ് 19 വൈറസ് സംസ്ഥാനത്ത് പ്രചരിക്കുന്നതിനിടെ നടൻ ഇന്ദ്രൻസ് വീണ്ടും പഴയ കുപ്പായമെടുത്തിട്ട് രംഗത്തെത്തിയിരിക്കുകയാണ്. പൂജപ്പുര സെൻട്രൽ ജയിലിലെ ടെയ്ലറിംഗ് യൂണിറ്റിൽ, പഴയ തയ്യൽക്കാരനായി വീട്ടിലെങ്ങനെ ഫേസ്മാസ്ക് ഉണ്ടാക്കാമെന്ന് പഠിപ്പിക്കുകയാണ് ഇന്ദ്രൻസ്. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

മാസ്ക് ഉണ്ടാക്കേണ്ടതെങ്ങനെയെന്ന് വളരെ കൃത്യമായി ഇന്ദ്രൻസ് വീഡിയോയിലൂടെ പറഞ്ഞ് മനസ്സിലാക്കുന്നുണ്ട്. എടുക്കേണ്ട തുണിയുടെ അളവ്, തയ്ക്കേണ്ട രീതി തുടങ്ങിയ വിവരങ്ങളെല്ലാം കൃത്യമായി അദ്ദേഹം വിവരിക്കുന്നു. അഞ്ച് മിനിട്ടോളം ദൈർഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവച്ചിട്ടുണ്ട്.

ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നിർദ്ദേശത്തെ തുടർന്നാണ് കണ്ണൂർ, വിയ്യൂർ, പൂജപ്പുര എന്നീ സെൻട്രൽ ജയിലുകളിൽ മാസ്ക് നിർമ്മാണം ആരംഭിച്ചത്. ഈ ജയിലുകൾ കൂടാതെ സംസ്ഥാനത്തെ വനിതാ ജയിലുകളിലും, തുറന്ന ജയിലുകളിലും ചെറിയ തോതിൽ മാസ്‌കുകൾ നിർമ്മിക്കുന്നുണ്ട്.

പൂർണമായും അണുവിമുക്തമാക്കിയാണ് മാസ്‌കുകൾ കൈമാറുന്നത്. പുറത്ത് 25 രൂപയ്ക്ക് ലഭിക്കുന്ന മാസ്‌കുകൾ ജയിൽ വകുപ്പ് നൽകുന്നത് വെറും എട്ടു രൂപയ്ക്കാണ്.

അതേ സമയം, സംസ്ഥാനത്ത് ഇന്നലെ 13 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഒന്‍പത് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. രണ്ടുപേര്‍ മലപ്പുറം സ്വദേശികളും. കൊല്ലം പത്തനംതിട്ട സ്വദേശികളായ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. 3 പേർക്ക് ഇന്നലെ രോഗം ഭേദമായി.

സംസ്ഥാനത്ത് ഇതുവരെ 327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേര്‍ ചികിത്സയിലാണ്. ആകെ നിരീക്ഷണത്തിലുള്ളത് ഒരുലക്ഷത്തി അന്‍പത്തി രണ്ടായിരത്തി എണ്ണൂറ്റി നാലുപേരാണ്. ഒരുലക്ഷത്തി അന്‍പത്തിരണ്ടായിരത്തി ഒന്‍പത് പേര്‍ വീടുകളിലും 795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Story Highlights: kk shailaja teacher shared video of indrans

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top