ലോക്ക്ഡൗണിൽ വീട്ടിലകപ്പെട്ടവർക്ക് മത്സരങ്ങളുമായി കോഴിക്കോട് കളക്ടർ; സമ്മാനങ്ങൾ വീട്ടിലെത്തിക്കുമെന്ന് ഉറപ്പും

ലോക്ക്ഡൗൺ കാലത്തെ വിരസതയകറ്റാൻ മത്സരങ്ങൾ സംഘടിപ്പിച്ച് കോഴിക്കോട് ജില്ലാ കളക്ടർ. കളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം. പേജിൽ പോസ്റ്റ് ചെയ്യുന്ന മത്സരങ്ങളിൽ പങ്കെടുത്ത് മത്സരാർത്ഥിയുടെ പേരും വയസും അടക്കം കൃത്യമായി മത്സരകാലാവധി അവസാനിക്കുന്നതിന് മുമ്പ് പോസ്റ്റ് ചെയ്യണമെന്ന് കളക്ടർ കുറിച്ചു.
ഫോട്ടോഗ്രഫി മത്സരമാണ് ഇതിന്റെ ഭാഗമായി ആദ്യം സംഘടിപ്പിച്ചിരിക്കുന്നത്. ‘ഈ ജനലിനപ്പുറം’ എന്നാണ് മത്സരത്തിന് നൽകിയിരിക്കുന്ന പേര്.
കളക്ടറുടെ പേജിൽ പങ്കുവച്ചിരിക്കുന്ന ആദ്യ മത്സരത്തെ കുറിച്ചുള്ള ഭാഗം താഴെ :
‘നമ്മുടെ ജനാലയ്ക്കപ്പുറം എന്തൊക്കെയാവാം സംഭവിക്കുന്നത്? വേനൽമഴയിൽ പുൽനാമ്പുകൾ തളിർത്തുതുടങ്ങിയോ? ഒരു ഫോട്ടോയിലൂടെ പറയാവുന്ന ഒരു കഥ നിങ്ങൾ കാണുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ മൊബൈൽ ഫോണിൽ അത് പകർത്തൂ. ഞങ്ങളുമായി പങ്കുവെക്കൂ…
ഒരാൾക്ക് പരമാവധി 3 ഫോട്ടോ വരെ അയക്കാവുന്നതാണ്. ഫോട്ടോകൾ 2020 ഏപ്രിൽ 07 നു രാത്രി 11:00 ന് മുൻപ് പോസ്റ്റ് ചെയ്യുക. ഈ പോസ്റ്റിനു കീഴിൽ കമന്റ് ആയിട്ടാണ് നിങ്ങളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യേണ്ടത്.
നിബന്ധനകൾ :
• സ്വന്തമായി മൊബൈലിൽ പകർത്തുന്ന ചിത്രങ്ങൾ മാത്രമേ അനുവദിക്കൂ. എഡിറ്റ് ചെയ്ത ഫോട്ടോകൾ അനുവദിക്കില്ല. ഷെയർ ചെയ്യാതെ സോഴ്‌സുകളിൽ നിന്ന് നേരിട്ട് പോസ്റ്റ് ചെയ്യുക.
• ഇന്റർനെറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യുന്ന ഫോട്ടോസ്, ഡിജിറ്റൽ ക്യാമറയിൽ എടുക്കുന്ന ചിത്രങ്ങൾ എന്നിവ ഒരു കാരണവശാലും അനുവദനീയമല്ല.
• സ്വന്തമായോ, കുടുംബാംഗങ്ങൾ എടുത്തതോ ആയ ഫോട്ടോകൾ മാത്രമേ അനുവദിക്കുകയുള്ളൂ.
• സ്പാം, അശ്ലീലച്ചുവയുള്ള പോസ്റ്റുകൾ, സെൽഫി എന്നിവ ഒഴിവാക്കുക.
• ഭരണഘടനാ വിരുദ്ധമായതോ, ദേശീയ പതാക, ദേശീയ ചിഹ്നങ്ങൾ, മതസാമുദായിക പ്രതീകങ്ങൾ എന്നിവയെ അവഹേളിക്കുന്ന തരത്തിലുള്ളതോ ആയ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ പാടുള്ളതല്ല.
• മൃഗ, ശിശു പീഡനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങൾ, മറ്റൊരാളിന്റെ സ്വകാര്യതയെ ഹനിക്കുന്ന ചിത്രങ്ങൾ എന്നിവയും അനുവദനീയമല്ല.
• സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള കമന്റുകൾ, വ്യക്തിഹത്യ നടത്താൻ ഉദ്ദേശിച്ചുള്ള പരാമർശങ്ങൾ എന്നിവ ഒഴിവാക്കുക.
• അടുത്ത 24 മണിക്കൂറിനുള്ളിൽ എടുക്കുന്ന ഫോട്ടോകൾ മാത്രമേ അംഗീകരിക്കുകയുള്ളൂ,
• പോസ്റ്റ് ചെയ്യുന്ന ഫോട്ടോ എടുത്ത മൊബൈൽ ബ്രാൻഡ്, ഫോട്ടോ എടുത്ത സമയം, പേര്, വയസ്സ് എന്നിവ ഫോട്ടോയോടൊപ്പം കൃത്യമായി രേഖപ്പെടുത്തണം.
• ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന 2 ഫോട്ടോകൾക്കും, വിദഗ്ദ്ധർ തെരഞ്ഞെടുക്കുന്ന ഒരു ഫോട്ടോയ്ക്കും സമ്മാനങ്ങൾ ഉണ്ടാവും.
• നിങ്ങളുടെ ഫോട്ടോകൾ ഈ പോസ്റ്റിനു കീഴിൽ കമന്റ് ആയിട്ടാണ് പോസ്റ്റ് ചെയ്യേണ്ടത്. മെസ്സേജ് ആയോ, ടാഗ് ചെയ്യുന്നതുമായ ഫോട്ടോകൾ പരിഗണിക്കുന്നതല്ല.
ലോക്ക്ഡൗൺ കാലത്തെ സർഗാത്മകതയാൽ ക്രിയാത്മകമാക്കാൻ ഒരവസരമൊരുക്കുകയാണ് ഇതുവഴി കോഴിക്കോട് ജില്ലാ ഭരണകൂടം.
Story Highlights – Coronavirus, kozhikode collector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here