ആലപ്പുഴയിൽ ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരണം

ആലപ്പുഴയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരണം. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്കും ദുബായിൽ നിന്ന് തിരിച്ചെത്തിയ മറ്റൊരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇതാദ്യമായാണ് ജില്ലയിൽ രണ്ട് പേർക്ക് ഒരുമിച്ച് കൊവിഡ് സ്ഥിരീകരിക്കുന്നത്.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തയാൾ ശേഷം 23ന് ചെങ്ങന്നൂർ എത്തി. ശേഷം ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ആറാം തീയതി മുതൽ ഇയാൾ കൊവിഡ് കെയർ സെന്ററിലായിരുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇദ്ദേഹത്തെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
ദുബായിൽ നിന്ന് എത്തിയ മറ്റൊരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 22ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം കോട്ടയത്തേക്ക് പോയി. തുടർന്ന് അന്ന് തന്നെ ചേർത്തലയിലെ വീട്ടിൽ എത്തി. വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന ഇദ്ദേഹത്തെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇയാൾ സഞ്ചരിച്ച ഇകെ 532 വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാർ ഉടൻ ബന്ധപ്പെടണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ഇരുവരുടെയും റൂട്ട് മാപ്പ് തയാറാകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. രോഗികളുടെ നില തൃപ്തികരമാണ്. നിലവിൽ 7661 ആളുകളാണ് ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 15 പേർ മാത്രമാണ് ആശുപത്രിയിൽ കഴിയുന്നത്. ജില്ലയിൽ മൂന്ന് പേർക്കാണ് കൊവിഡ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.
Read Also: തൃശൂരിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മാള സ്വദേശിക്ക്
അതേസമയം സംസ്ഥാനത്തെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒൻപത് പേർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കണ്ണൂർ സ്വദേശികളായ നാല് പേർക്കും ആലപ്പുഴ സ്വദേശികളായ രണ്ട് പേർക്കും പത്തനംതിട്ട, തൃശൂർ, കാസർഗോഡ് സ്വദേശികളായ ഓരോരുത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തിയവരും. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
aalapuzha, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here