Advertisement

കണ്ണൂരിൽ പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം

April 8, 2020
Google News 1 minute Read

കണ്ണൂര്‍ ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ ഒരാളുടെ ആരോഗ്യ നില അതീവ ഗുരുതരം. മാഹി സ്വദേശിയായ എഴുപത്തിയൊന്നുകാരനെ വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനാൽ വെൻ്റിലേറ്ററിലേക്ക് മാറ്റി. ഇയാൾക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. മാഹിയിലും കണ്ണൂർ ജില്ലയിലുമായി ഇയാൾ നൂറു കണക്കിന് ആളുകളുമായി സമ്പർക്കം പുലർത്തിയിട്ടുമുണ്ട്.

മാഹി ചെറുകല്ലായി സ്വദേശിയായ 71 കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ഇരു വൃക്കകളും തകരാറിലാണ്. ഹൃദ്രോഗി കൂടിയായ ഇയാള്‍ക്ക് കടുത്ത ന്യുമോണിയ ബാധയുമുണ്ടന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.

മാര്‍ച്ച് 15 മുതല്‍ ഇയാൾ മാഹിക്ക് പുറമെ കണ്ണൂർ ജില്ലയിലെ നിരവധി സ്ഥലങ്ങളിലും സന്ദർശനം നടത്തിയിരുന്നു. വിവിധ പൊതു ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് 15 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ എംഎം ഹൈസ്‌കൂള്‍ പള്ളിയിലെ എല്ലാ മതചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. മാർച്ച് 18 ന് പന്ന്യന്നൂര്‍ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിൽ പങ്കെടുക്കുന്നതിനായി മരുമകന്റെ കൂടെ മാഹിപാലം വരെ ബൈക്കില്‍ യാത്ര ചെയ്തു. തുടർന്ന് ടെമ്പോ ട്രാവലറിൽ 11 പേരോടൊപ്പമാണ് ചടങ്ങിനെത്തിയത്. വിവാഹ നിശ്ചയച്ചടങ്ങില്‍ 45ലേറെ പേര്‍ പങ്കെടുത്തതായാണ് വിവരം. അന്നു തന്നെ 10 പേര്‍ക്കൊപ്പം എരൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ആ സമയത്ത് പള്ളിയില്‍ മറ്റ് ഏഴു പേര്‍ കൂടി ഉണ്ടായിരുന്നതായാണ് കണ്ടെത്തിയത്.

മാര്‍ച്ച് 23ന് നേരിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ട ഇദ്ദേഹം, 26ന് മരുമകനും അമ്മാവന്റെ മകനുമൊപ്പം തലശ്ശേരിയിലെ ടെലിമെഡിക്കല്‍ സെന്ററിലെത്തി ഡോക്ടറെ കണ്ടു. മാര്‍ച്ച് 30നും വീണ്ടും ഇവിടെയെത്തി ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങി. 31ന് ശ്വാസതടസ്സം അനുഭവപ്പെട്ട ഇയാളെ രാവിലെ 11 മണിക്ക് തലശ്ശേരി ടെലിമെഡിക്കല്‍ സെന്ററിൽ തന്നെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. അസുഖം മൂര്‍ച്ഛിച്ചതോടെ അന്ന് വൈകുന്നേരം 4 മണിക്ക് ആംബുലന്‍സില്‍ കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തി അഡ്മിറ്റായി. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് ഇയാളെ പരിയാരത്തെ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ആളുകളും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് കണ്ണൂർ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഇയാൾക്ക് രോഗം ബാധിച്ചതെവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. കൊവിഡ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിൽ കഴിയുന്ന ബന്ധുവിൻ്റെ മക്കളിലൊരാൾ ഇദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നതായും സൂചനയുണ്ട്.

പാട്യം, ചിറ്റാരിപ്പറമ്പ് സ്വദേേശികൾക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. പാട്യം സ്വദേശിയായ 31 കാരനും ചിറ്റാരിപ്പറമ്പ് സ്വദേശിയായ 42 കാരനും മാര്‍ച്ച് 21, 22 തീയ്യതികളില്‍ ദുബായില്‍നിന്നും നാട്ടിലെത്തിയവരാണ്. ഇതിനൊപ്പം കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച് പരിയാരത്ത് ചികിത്സയിലുളള ചെറുവാഞ്ചേരി സ്വദേശിയായ 81കാരന്‍റെ ആരോഗ്യ നിലയും ഗുരുതരമായി തുടരുകയാണ്. 56 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.

Story Highlights: covid 19 one person in kannur critical

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here