Advertisement

സംസ്ഥാനത്ത് രണ്ട് മാസത്തേക്ക് ആവശ്യമായ മരുന്നുകള്‍ സ്റ്റോക്കുണ്ട് : മന്ത്രി കെകെ ശൈലജ

April 8, 2020
Google News 2 minutes Read

സംസ്ഥാനത്ത് രണ്ട് മാസത്തേക്ക് ആവശ്യമായ മരുന്നുകളുടെ സ്റ്റോക്കുണ്ടെന്ന് സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം, സ്ട്രോക്ക്, വിവിധ ശസ്ത്രക്രിയകള്‍ തുടങ്ങിയ സ്ഥിരമായി കഴിക്കുന്ന 30 ഓളം മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തുകയും 25 കമ്പനികളുടെ മരുന്നുകള്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നിരന്തരം വീക്ഷിക്കുകയും ചെയ്യുന്നുണ്ട്. മരുന്നുകളുടെ കുറവ് ഉണ്ടാകുന്ന മുറയ്ക്ക് ഈ കമ്പനികളുമായി ബന്ധപ്പെട്ട് മരുന്നുകളെത്തിക്കാനുള്ള തീവ്ര ശ്രമവും നടത്തുന്നുണ്ട്. അതിനാല്‍ തന്നെ പരിഭ്രമിക്കേണ്ട യാതൊരു കാര്യവുമില്ലെന്നും മരുന്നുകള്‍ വാങ്ങിക്കൂട്ടേണ്ട സാഹചര്യവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി.

മരുന്നുകളുടെ പ്രധാന വിതരണ കമ്പനികളെല്ലാം എറണാകുളം, തൃശൂര്‍ ജില്ലകളിലാണുള്ളത്. ഇവിടെ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകാനുള്ള തടസങ്ങള്‍ മാറ്റി മരുന്ന് കൊണ്ടു പോകുന്ന പ്രധാന കമ്പനികളുടെ വാഹനങ്ങള്‍ക്ക് പാസ് ലഭ്യമാക്കിയിട്ടുണ്ട്. ചില കമ്പനികള്‍ മരുന്ന് കൊണ്ട് പോകുന്നത് കൊറിയര്‍ സേവനം വഴിയാണ്. ആ പ്രശ്നവും പരിഹരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ കൊറിയര്‍ എത്താന്‍ പറ്റാത്തതിനാല്‍ പകരം വാഹന സൗകര്യം ഏര്‍പ്പെടുത്തി. അട്ടപ്പാടിയില്‍ പ്രൈവറ്റ് ബസ് മുഖേനയാണ് മരുന്നുകള്‍ എത്തിച്ചുകൊണ്ടിരുന്നത്. അതിന് തടസം വന്നപ്പോള്‍ മണ്ണാര്‍ക്കാട്ട് നിന്നും പ്രത്യേക വാഹനം ഏര്‍പ്പെടുത്തി. ഇവയെല്ലാം തന്നെ അതത് മെഡിക്കല്‍ സ്റ്റോറുകളില്‍ എത്തിക്കുന്നുണ്ട്. മരുന്ന് ലഭിക്കാന്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നെങ്കില്‍ ജില്ലാ ഇന്‍സ്പെക്ടര്‍മാരുമായി ഫോണില്‍ ബന്ധപ്പെട്ടാല്‍ തൊട്ടടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ മരുന്നെത്തിക്കുന്നതാണ്. തിരുവനന്തപുരം അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളറുടെ 7403006100 എന്ന നമ്പറിലേക്കും ബന്ധപ്പെടാം. ഇതുകൂടാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ കെഎംഎസ്‌സിഎല്‍ മുഖേന ആവശ്യത്തിനുള്ള മരുന്നുകള്‍ കരുതിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

 

Story Highlights- state has stock of medicines needed for two months, Minister KK Shailaja

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here