Advertisement

ഇന്ത്യക്ക് പണം ആവശ്യമില്ല; അക്തറിന്റെ ഇന്ത്യ-പാക് പരമ്പര ആശയം തള്ളി കപിൽ ദേവ്

April 9, 2020
Google News 2 minutes Read

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ ഇന്ത്യ-പാക് പരമ്പര നടത്താമെന്ന മുൻ പാക് ക്രിക്കറ്റർ ഷൊഐബ് അക്തറിൻ്റെ ആശയം തള്ളി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ്. ഇന്ത്യക്ക് പണത്തിൻ്റെ ആവശ്യമില്ലെന്നും ഈ ആശയം സാധ്യമാവില്ലെന്നും കപിൽ പറഞ്ഞു. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് കപിൽ നിലപാട് വ്യക്തമാക്കിയത്.

“അദ്ദേഹം ഈ ആശയം മുന്നോട്ടുവെച്ചെങ്കിലും നമുക്ക് പണത്തിന്റെ ആവശ്യമില്ല. നമ്മുടെ പക്കല്‍ ആവശ്യത്തിന്‌ പണമുണ്ട്‌. നിലവില്‌ നമ്മുടെ ഭരണകൂടം ഫലപ്രദമായി പ്രവര്‍ത്തിക്കുക എന്നതാണ്‌ വേണ്ടത്‌. ടിവിയില്‍ പരസ്പരം പഴി ചാരുന്ന രാഷ്ട്രീയക്കാരെ കാണുന്നുണ്ട്.. അതെല്ലാം അവസാനിപ്പിക്കണം. എന്തായാലും 51 കോടി എന്ന വന്‍ തുക ബിസിസിഐ നല്‍കിക്കഴിഞ്ഞു. ധനസമാഹരണം നടത്താതെ തന്നെ ആവശ്യം വന്നാൽ ഇനിയും തുക നൽകാനുള്ള ശേഷിയും ബോർഡിനുണ്ട്.”- കപിൽ പറഞ്ഞു.

സ്ഥിതി ഉടൻ മെച്ചപ്പെടുമെന്ന് തോന്നുന്നില്ലെന്നും ഉടനെ ഒരു മത്സരം സംഘടിപ്പിക്കുന്നത് താരങ്ങളെ അപകടത്തിലേക്ക് തള്ളിവിടലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 3 മത്സരങ്ങൾ നടത്തിയാൽ തന്നെ എത്ര പണം സമാഹരിക്കാനാവും? അഞ്ചാറ് മാസത്തേക്ക് ഇനി ക്രിക്കറ്റ് നടക്കില്ലെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാം സാധാരണ നിലയിലാകുമ്പോൾ ക്രിക്കറ്റും തിരികെ എത്തും. അത് രാജ്യത്തെക്കാൾ വലുതല്ല. പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാവുന്നവർക്കും പാപപ്പെട്ടവർക്കും പിന്തുണ നൽകുകയാണ് വേണ്ടതെന്നും കപിൽ പറഞ്ഞു.

രണ്ട് രാജ്യങ്ങളുടെയും കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നടത്താം എന്നായിരുന്നു അക്തറിൻ്റെ നിർദ്ദേശം. പാകിസ്താന് 10000 വെൻ്റിലേറ്ററുകൾ സംഭാവന നൽകിയാൽ ഇന്ത്യയെ പാക് ജനത ഒരിക്കലും മറക്കില്ലെന്നും അക്തർ പറഞ്ഞിരുന്നു.

Story Highlights: Kapil Dev replies to Shoaib Akhtar: India doesn’t need money

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here