തൃശൂരില്‍ 15,000 കിലോ പഴകിയ മത്സ്യം പിടികൂടി

ഒഡീഷയില്‍ നിന്ന് വില്‍പനയ്ക്ക് കൊണ്ടുവന്ന എട്ട് ലക്ഷം രൂപയുടെ പഴകിയ മത്സ്യം തൃശൂര്‍ വാടാനപ്പള്ളിയില്‍ പിടികൂടി. മത്സ്യ മാര്‍ക്കറ്റിലേക്ക് എത്തിച്ച പതിനയ്യായിരം കിലോ മത്സ്യമാണ് പിടികൂടിയത്. തുടര്‍ന്ന് മത്സ്യ മാര്‍ക്കറ്റ് അടച്ചു പൂട്ടി. വൈകുന്നേരം ആറരയോടെയാണ് സംഭവം.
വാടാനപ്പള്ളി മാര്‍ക്കറ്റില്‍ മത്സ്യം ഇറക്കിയ ശേഷം മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വാടാനപ്പള്ളി പൊലീസിനെയും ആരോഗ്യ വകുപ്പ് അധികൃതരേയും വിവരമറിയിച്ചു. കൊടുങ്ങല്ലൂരില്‍ നിന്ന് ഫുഡ് സേഫ്റ്റി ഓഫിസര്‍ ഉള്‍പ്പെടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും വാടാനപ്പള്ളി പൊലീസും സ്ഥലത്തെത്തി.
പരിശോധനയില്‍ പഴകിയ നെയ്മീന്‍, ആവോലി, സ്രാവ്, ഉള്‍പ്പെടെ 15,000 കിലോ പഴകിയ മത്സ്യം കണ്ടെടുത്തു. ഒഡീഷ ബാലസേര്‍ എന്ന സ്ഥലത്ത് നിന്നാണ് മത്സ്യം വാടാനപ്പള്ളിയില്‍ എത്തിച്ചത്. മാര്‍ക്കറ്റില്‍ ഇറക്കിയ മത്സ്യങ്ങള്‍ കണ്ടെയ്‌നര്‍ ലോറിയില്‍ തിരികെ കയറ്റി പൊലീസ് സീല്‍ ചെയ്തു. രാവിലെ ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ സി എ ജനാര്‍ദ്ദനന്‍ പരിശോധന നടത്തിയ ശേഷം മത്സ്യങ്ങള്‍ നശിപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here