മെസി ഇന്റർമിലാനിലേക്കെന്ന് റിപ്പോർട്ട്; വ്യാജവാർത്തയെന്ന് താരം

താൻ ബാഴ്സലോണ വിട്ട് ഇൻ്റർനിലാനിലേക്ക് ചേക്കേറുന്നു എന്ന വാർത്ത വ്യാജമെന്ന് സൂപ്പർ താരം ലയണൽ മെസി. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് വാർത്ത തള്ളി അദ്ദേഹം രംഗത്തെത്തിയത്. ഒപ്പം, ബാഴ്സലോണയിലെ തൻ്റെ സഹത്താരമായിരുന്ന ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോയെ ജയിലിൽ നിന്നിറക്കാൻ മെസി എത്തിയെന്ന വാർത്തയും അദ്ദേഹം തള്ളി. പല പ്രമുഖ മാധ്യമങ്ങളും ഇത്തരത്തിൽ വാർത്ത നൽകിയിരുന്നു.
ടിഎൻടി സ്പോർട്സിൻ്റെ വാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചു കൊണ്ടാണ് മെസി രണ്ട് വാർത്തകളും തള്ളിയത്. ന്യൂവെല്‍സിന്റെ ഓള്‍ഡ് ബോയ്‌സിനെ കുറിച്ച് കഴിഞ്ഞ ആഴ്‌ച അവര്‍ പറഞ്ഞതും നുണയാണ്. ആരും വിശ്വസിക്കാതിരുന്നത് ഭാഗ്യമെന്നും മെസി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
കഴിഞ്ഞ കുറച്ച് നാളുകളായി ബാഴ്സലോണ ബോർഡുമായി മെസി അത്ര രസത്തിലല്ല. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ശമ്പളം വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട ബോർഡിൻ്റെ പരാമർശത്തിനെതിരെ മെസി പരസ്യമായി രംഗത്തെത്തിയിരുന്നു. താരങ്ങൾക്കെല്ലാം ശമ്പളം വെട്ടിക്കുറക്കുന്നതിനോട് യോജിപ്പായിരുന്നു എന്നും ചില താരങ്ങൾ ആവശ്യത്തോട് വിസമ്മതിച്ചു എന്നുമുള്ള ബോർഡിൻ്റെ പ്രസ്താവനയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം ക്ലബ് വിടുകയാണെന്നും മിലാനിലേക്ക് ചേക്കേറുകയാണെന്നും വാർത്തകൾ പ്രചരിച്ചത്.
വ്യാജ പാസ്പോർട്ടുമായി പരാഗ്വയിലെത്തി പിടിയിലായ റൊണാൾഡീഞ്ഞോയും സഹോദരനും തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. അദ്ദേഹത്തെ പുറത്തിറക്കാൻ മെസി ഇടപെട്ടു എന്നും വാർത്തകൾ പുറത്തുവന്നു. ഇതിനിടെ, കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ റൊണാൾഡീഞ്ഞോയെയും സഹോദരനെയും വീട്ടുതടങ്കലിലേക്ക് മാറ്റി. ഇതും മെസി ഇടപെട്ടതു കൊണ്ടാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെയൊക്കെ മെസി തള്ളി.
Story Highlights: messi dismisses reports of his inter milan move
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here