ഗൾഫിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിൽ തിരിച്ചെത്തിക്കണം; സുപ്രിം കോടതിയിൽ ഹർജി

ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ രാജ്യത്ത് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. പ്രവാസി ലീഗൽ സെല്ലാണ് കോടതിയെ സമീപിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ ദൈനംദിന ചെലവുകൾ പോലും നടത്താൻ കഴിയാത്ത ദുരിതാവസ്ഥയിലൂടെയാണ് ലക്ഷകണക്കിന് ഇന്ത്യക്കാർ കടന്നുപോകുന്നത്. തൊഴിലാളി ക്യാമ്പുകളിൽ കഴിയുന്ന ഒട്ടേറെ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. നൂറ് കണക്കിന് പേർ സാമൂഹ്യ അകലം പോലും പാലിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയവ ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
അതേസമയം നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കണമെന്ന ആവശ്യവുമായി സൗദി അറേബ്യൻ പ്രവാസികൾ രംഗത്തെത്തി. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കർഫ്യൂ ,ലോക്ക് ഡൗൺ പോലുള്ള ജാഗ്രതാ നടപടികൾ ഉണ്ടെങ്കിലും ലേബർ ക്യാമ്പുകളിലും മറ്റും 100 കണക്കിനാളുകൾ ഒരുമിച്ച് താമസിക്കുന്നത് ആശങ്കയ്ക്ക് വഴിവയ്ക്കുന്നു. ഇതിൽ മലയാളികൾ ഉൾപ്പെടെ പലർക്കും കൊവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രങ്ങൾ അനിശ്ചിത കാലത്തേക്ക് നീട്ടിയതോടെ പലരുടെയും വരുമാന മാർഗം തടസപ്പട്ടു. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരാനുള്ള ആവശ്യം ഇവരുടെ ഭാഗത്ത് നിന്ന് ശക്തമാവുകയാണ്.
കഴിഞ്ഞ ദിവസം കൊവിഡ്-19 നെ തുടർന്ന് യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ വിമാന സർവീസ് അനുവദിക്കണമെന്ന ആവശ്യവുമായി ദുബായ് കെഎംസിസി കേരള ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ലേബർ ക്യാമ്പുകളിൽ ജോലിയും ഭക്ഷണവും ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവരെയടക്കം അടിയന്തരമായി നാട്ടിൽ എത്തിക്കണമെന്നാണ് ആവശ്യം. നാളെ ഹർജി പരിഗണിക്കും.
രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയ യാത്രാവിലക്കിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് കെഎംസിസി ദുബായ് റിട്ട് ഹർജി ഫയൽ ചെയ്തത്. ചാർട്ടഡ് വിമാനങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തയാറാണെന്ന് എമിറേറ്റ്സ്, ഫ്‌ളൈ ദുബായ് കമ്പനികൾ അറിയിച്ചിട്ടും സർക്കാർ അനുമതി നൽകുന്നില്ല. സന്നദ്ധതയറിയിച്ച വിമാനകമ്പനികൾ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടിൽ എത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാനമന്ത്രാലയത്തിനും നിർദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. തിരികെയെത്തിക്കുന്നവരെ ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾ പ്രകാരം ക്വാറന്റീൻ ചെയ്ത് വൈദ്യസഹായം ലഭ്യമാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു.
Story highlights-returning people from gulf countries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here