Advertisement

സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമം അന്വേഷിച്ച് അങ്കണവാടി ജീവനക്കാർ; 89 ശതമാനം പേരുടേയും ആരോഗ്യം തൃപ്തികരം

April 11, 2020
Google News 3 minutes Read

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇതുവരെ സംസ്ഥാനത്തെ 30 ലക്ഷത്തോളം വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ വനിത ശിശുവികസന വകുപ്പിന്റെ അങ്കണവാടി ജീവനക്കാർ അന്വേഷിച്ച് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.

തിരുവനന്തപുരം 281051, കൊല്ലം 281951, പത്തനംതിട്ട 153954, ആലപ്പുഴ 226961 കോട്ടയം 253075, ഇടുക്കി 106202, എറണാകുളം 250471, തൃശൂർ 339455, പാലക്കാട് 215214, മലപ്പുറം 298972, കോഴിക്കോട് 174342, വയനാട് 69004, കണ്ണൂർ 194152, കാസർഗോഡ് 104192 എന്നിങ്ങനെയാണ് ജില്ലതിരിച്ച് വയോജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ ഫോൺ വഴി ശേഖരിച്ചത്. ജില്ലകളിൽ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സീനിയർ സിറ്റിസൺ സെല്ലും താഴെ വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ ഐസിഡിഎസ് ഉദ്യോഗസ്ഥരും അങ്കണവാടി ജീവനക്കാരും ചേർന്നാണ് വിവരശേഖരം നടത്തിയത്. ഈ വിവരങ്ങൾ സാമൂഹ്യനീതി വകുപ്പിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും കൈമാറി മതിയായ സഹായങ്ങൾ നൽകി വരുന്നതായും മന്ത്രി വ്യക്തമാക്കി.

ആദ്യമായാണ് ഐസിഡിഎസ് പ്രവർത്തകർ മുഖേന പൂർണമായും ഡിജിറ്റൽ ആയി സ്മാർട്ട് ഫോണുകൾ വഴി ബൃഹത്തായ വിവര ശേഖരണം നടത്തുന്നത്. വയോജനങ്ങളിൽ 89 ശതമാനം പേരുടേയും ആരോഗ്യം തൃപ്തികരമാണെന്നാണ് കണ്ടെത്തിയത്. മോശം ആരോഗ്യാവസ്ഥയിലുള്ള 11 ശതമാനം വയോജനങ്ങളുടെ വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകി മതിയായ ചികിത്സ നൽകുന്നതാണ്. 60 ശതമാനം പേർ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരാണ്. 10.20 ശതമാനം പേർ ഹൃദ്രോഗം, വൃക്ക രോഗങ്ങൾ, ക്യാൻസർ തുടങ്ങിയ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നുണ്ട്. 20 ശതമാനം പേർക്ക് കൈവശം മരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് മതിയായ മരുന്നുകൾ ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. 5.44 ശതമാനം പേർക്ക് കമ്മ്യൂണിറ്റി കിച്ചന്റെ സേവനം ആവശ്യമുണ്ട്. ഇവരുടെ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. 3 ശതമാനം പേർക്ക് ആരോഗ്യ വകുപ്പ് കൗൺസിലർമാരുടെ സേവനം ആവശ്യമായതിനാൽ അതിനായി റഫർ ചെയ്തു. 33 ശതമാനമാണ് കൃത്യമായി വ്യായമത്തിലേർപ്പെടുന്നവർ. വയോജനങ്ങളിൽ 62 ശതമാനം പേർക്കും സർക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ലഭിക്കുന്നതായും കണ്ടെത്തി.

Story highlight: Anganwadi Workers looking after the welfare of older persons in the State; 89% of respondents are satisfied with their health

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here