ട്വന്റിഫോർ ഇംപാക്ട്: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; ഡൽഹിയിലെ ക്യാമ്പിൽ കുടുങ്ങിയ മലയാളികളെ നാട്ടിൽ എത്തിക്കും

ന്യൂഡൽഹിയിലെ നരേല കൊവിഡ് ക്യാമ്പിൽ കുടുങ്ങിയ നാല് മലയാളികളെ നാട്ടിൽ എത്തിക്കാൻ നടപടി. നിരീക്ഷണ കാലാവധി കഴിഞ്ഞിട്ടും കേരളത്തിലേക്ക് മടങ്ങാൻ കഴിയാതെ ക്യാമ്പിൽ ഒറ്റപ്പെട്ട ഇവരുടെ വാർത്ത ട്വൻ്റിഫോർ പുറത്തുവിട്ടിരുന്നു. ഇതേ തുടർന്നാണ് നടപടി.

ഇവരെ തിരികെ എത്തിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലാണ് ഉണ്ടായിരിക്കുന്നത്. എംപി കെകെ രാഗേഷിനാണ് ചുമതല. ഡൽഹി കേരള ഹൗസിലെ റസിഡൻ്റ് കമ്മീഷണറോട് ഇവർക്കാവശ്യമുള്ള സഹായം നൽകണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു. ഇവർക്ക് നാട്ടിലേക്ക് പോകണമെങ്കിൽ വാഹനം ഏർപ്പെടുത്തണമെന്നും നാട്ടിലേക്ക് പോകണ്ട എന്നാണെങ്കിൽ ലോക്ക് ഡൗൺ കഴിയുന്നത് വരെ മറ്റെവിടെയെങ്കിലും താമസിക്കാൻ ഇടം ഒരുക്കണമെന്നും നിർദ്ദേശമുണ്ട്. കെ കെ രാഗേഷും റസിഡൻ്റ് കമ്മീഷണറും അടക്കമുള്ളവർ ഇവരെ ഫോണിൽ ബന്ധപെട്ടിരുന്നു. അടുത്ത മണിക്കൂറുകൾക്കുള്ളിൽ അവർ ക്യാമ്പിൽ നിന്ന് പുറത്തെത്തുമെന്നാണ് വിവരം.

60 വയസ്സ് കഴിഞ്ഞ് 4 മുതിർന്ന പൗരന്മാരാണ് ഡൽഹിയിൽ കുടുങ്ങിയത്. കഴിഞ്ഞ 14ന് ഡൽഹി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടു പോയ ഇവരെ ക്വാറൻ്റീനിലാക്കി. എന്നാൽ ക്വാറൻ്റീൻ കാലാവധി അവസാനിച്ചിട്ടും അവർക്ക് നാട്ടിലെത്താൻ സാധിച്ചിരുന്നില്ല. ക്യാമ്പ് അധികൃതർ ഇവർക്ക് പോകാനുള്ള അനുവാദം നൽകിയെങ്കിലും ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വാഹനസൗകര്യങ്ങളോ മറ്റോ ലഭിച്ചിരുന്നുമില്ല. ക്വാറൻ്റീൻ കാലാവധി കഴിഞ്ഞിട്ടും തങ്ങളെ രോഗബാധ സംശയിക്കുന്നവർക്കൊപ്പം താമസിപ്പിച്ചിരിക്കുകയാണെന്നാണ് ഇവർടെ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടത്.

Story Highlights: 4 malayalis trapped in delhi to kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top