ദിവസേന 300 പേർക്ക് ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്ത് കാലിക്കറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻറ് ടീം

കൊവിഡ് കാലത്ത് മാതൃകാ സേവനവുമായി കാലിക്കറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻറ് ടീം. ദിവസവും മുന്നൂറിലധികം പേർക്കാണ് ഇവർ ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യുന്നത്. ഭക്ഷണം എത്തിക്കാനാവാത്തവർക്കായി പാചക കിറ്റും ഇവർ വീട്ടിലെത്തിക്കും. കോഴിക്കോട് കൊട്ടാരം റോഡിൽ അടുക്കളയൊരുക്കിയാണ് പ്രവർത്തനം. ഒരു ദിവസം മൂന്ന് നേരത്തെ ഭക്ഷണം ഇവർ വീടുകളിലെത്തിക്കും. ദിവസം കുറഞ്ഞത് ആയിരം ഭക്ഷണ പൊതികളെങ്കിലും വിതരണം ചെയ്യും. ലോക്ക് ഡൗൺ കാലത്ത് ആരും പുറത്ത് ഇറങ്ങരുതെന്നും എന്നാൽ ആരും വിശന്നിരിക്കരുതെന്നും കരുതിയാണ് പുതിയ ഉദ്യമത്തിലേക്കിറങ്ങിയതെന്ന് ഇവർ പറയുന്നു.
ഇരുന്നൂറിലേറെ പേരുള്ള സംഘമാണ് കാലിക്കറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻറ് ടീം. സേവനത്തിനായുള്ള മുഴുവൻ ചെലവും ഇവർ തന്നെയാണ് വഹിക്കുന്നത്. വി കെയർ എന്ന പേരിലാണ് പ്രവർത്തനം. പ്രളയകാലത്തും ഇവർ സഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം തന്നെ എച്ച്‌ഐവി അണുബാധിതർക്ക് മരുന്നുകൾ വീട്ടിൽ എത്തിച്ചു നൽകി മാതൃകയാവുകയാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് എആർടി ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഡോക്ടർമാരും ജീവനക്കാരും. ആവശ്യമായ മരുന്നുകൾ താലൂക്ക് ആശുപത്രി വഴി വിതരണം ചെയ്യാനാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ എച്ച്‌ഐവി ബാധിതരായ ചിലർക്ക് മരുന്ന് താലൂക്ക് ആശുപത്രിയിൽ പോയി വാങ്ങുന്നതിനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഹോം ഡെലിവറിയായി മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്നത്.
coronavirus, calicut diaster management team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here