കാസര്‍ഗോഡിന് ആശ്വസിക്കാം; ജില്ലയില്‍ ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല

കൊവിഡ് രോഗബാധിതര്‍ ഏറ്റവും അധികമുണ്ടായിരുന്ന കാസര്‍ഗോഡ് ജില്ലയ്ക്ക് ഇന്ന് ആശ്വാസദിനം. ജില്ലയില്‍ ഇന്ന് ആര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത് 97 പേരാണ്. 10374 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. 10126 പേര്‍ വീടുകളിലും 288 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് ഒന്‍പത് പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയത്.

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് 28 പേരാണ് കൊവിഡ് രോഗമുക്തരായത്. സംസ്ഥാനത്ത് ആകെ 36 പേര്‍ ഇന്ന് കൊവിഡ് മുക്തരായി. രോഗം സ്ഥിരീകരിക്കുന്നവരേക്കാള്‍ കൂടുതലാളുകള്‍ രോഗമുക്തി നേടുന്നത് സംസ്ഥാനത്തിന് ആശ്വാസമാവുകയാണ്.

നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇന്ന് രണ്ട് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top