ലോക്ക് ഡൗൺ ലംഘിച്ച് വാഹനങ്ങൾ നിരത്തിലിറക്കിയാൽ വണ്ടി തിരിച്ചുകിട്ടിയാലും കേസ് തീരില്ല!

ലോക്ക് ഡൗൺ ലംഘനത്തിന് നിരവധി വാഹനങ്ങളാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. എന്നാൽ വാഹനങ്ങൾ തിരികെ കിട്ടിയാലും കേസ് നടപടികളുണ്ടാകും. ഐപിസി ആക്ടും കേരളാ പൊലീസ് ആക്ടും പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസും പ്രകാരം കേസ് നടപടികൾ തുടരും. ഒരു മാസം മുതൽ മൂന്ന് കൊല്ലം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന തരത്തിലാണ് വിവിധ വകുപ്പുകൾ ചുമത്തുക.

23,000ഓളം വാഹനങ്ങളാണ് കേരളാ പൊലീസ് ലോക്ക് ഡൗണിന് പിറകെ പിടിച്ചെടുത്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ കുറച്ച് വാഹനങ്ങളേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ പൊലീസ് സ്റ്റേഷനിൽ വാഹനങ്ങൾ സൂക്ഷിക്കാമായിരുന്നു, എന്നാൽ വാഹനങ്ങളുടെ എണ്ണം കൂടിയതോടെ പൊലീസ് പുതിയ മാർഗങ്ങളിലേക്ക് തിരിഞ്ഞു.

Read Also: രാജ്യത്തെ കർഷർക്ക് തുണയായി എയർ ഇന്ത്യ; പഴങ്ങളും പച്ചക്കറികളുമായി വിദേശത്തേക്ക് പറക്കും

തിങ്കളാഴ്ച മുതൽ സത്യവാങ്മൂലം സമർപ്പിച്ചാൽ ഉടമയ്ക്ക് പൊലീസ് അറിയിക്കുന്നത് പോലെ സ്റ്റേഷനിലെത്തി വാഹനം കൊണ്ടുപോകാവുന്നതാണ്. വാഹനങ്ങൾ പിടിച്ചെടുത്തതിന്റെ ക്രമത്തിൽ തന്നെയായിരിക്കും വിട്ടുനൽകുന്നതും. പൊലീസ് ആവശ്യപ്പെട്ടാൽ എപ്പോൾ വേണമെങ്കിലും ഹാജരാക്കാം എന്ന കരാറിന്മേലായിരിക്കും വിടുതൽ.

ഐപിസി 188 ചുമത്തിയാൽ ഒരു മാസം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം, ഐപിസി 269 പ്രകാരം കിട്ടുക ആറ് മാസം തടവോ പിഴയോ രണ്ടും കൂടിയോ ആണ്, കേരളാ പൊലീസ് ആക്ട് 118(ഇ) പ്രകാരം ലഭിക്കുക മൂന്ന് വർഷം വരെ തടവോ 10000 രൂപ വരെ പിഴയോ, രണ്ടും ഒരുമിച്ചോ ആണ്. കേരളാ പകർച്ച വ്യാധി ഓർഡിനൻസ് 4(2)(എഫ്),5 പ്രകാരം കളക്ടറുടെ ഉത്തരവിന്മേലുള്ള വിലക്ക് ലംഘിച്ചാൽ രണ്ട് വർഷം വരെ തടവോ 10,000 രൂപ വരെയുള്ള പിഴയോ ലഭിച്ചേക്കാം. ഇപ്പോൾ ചുമത്തിയിരിക്കുന്നതൊക്കെ ജാമ്യം കിട്ടുന്ന വകുപ്പുകളാണ്. എന്നാൽ വീണ്ടും വണ്ടി പിടിച്ചാൽ വകുപ്പ് ജാമ്യമില്ലാ വകുപ്പുകൾ ആയിരിക്കും കേസിൽ ചുമത്തുക.

 

lock down, case, vehicle

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top