ലോക്ക് ഡൗൺ സമയപരിധിയിൽ വാഹനങ്ങൾ വീണ്ടും പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷ

ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങൾ താൽക്കാലികമായി വിട്ടുനൽകാൻ പൊലീസ് തീരുമാനിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ അവസാനിപ്പിക്കില്ലെന്ന് സൂചന. ഡിജിപി ലോക്നാഥ് ബെഹ്റയാണ് പിടിച്ചെടുത്ത വാഹനങ്ങൾ ഉടമകൾക്ക് വിട്ടുനൽകാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയത്. തിങ്കളാഴ്ച്ച മുതൽ വാഹനങ്ങൾ വിട്ടു നൽകും. ആദ്യം പിടിച്ചെടുത്ത വാഹനങ്ങൾ ആദ്യം എന്ന ക്രമത്തിലായിരിക്കും വാഹനങ്ങൾ മടക്കി നൽകുന്നത്.

വാഹനം വിട്ടു നൽകിയാലും ഇതുമായി ബന്ധപ്പെട്ട കേസ് നടപടികൾ തുടരാനാണ് സാധ്യത. താത്കാലികമായി വാഹനങ്ങൾ വിട്ടുനൽകാൻ മാത്രമാണ് ഡിജിപിയുടെ നിർദേശം. ആവശ്യപ്പെടുമ്പോൾ വാഹനങ്ങൾ ഹാജരാക്കാമെന്ന് ഉടമകളോട് എഴുതി വാങ്ങിയശേഷമായിരിക്കും വാഹനങ്ങൾ വിട്ടു നൽകുക. വാഹന ഉടമകളിൽ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിൽ നിന്ന് നിയമോപദേശം ലഭിച്ചശേഷം തീരുമാനമെടുക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ വാഹനങ്ങൾ വിട്ടുകിട്ടിയെന്നോർത്ത് എല്ലാം അവസാനിച്ചു എന്നു കരുതേണ്ടെന്നു സാരം. ഒരു മാസം മുതൽ മൂന്നുകൊല്ലം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന, പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ്, കേരള പൊലീസ് അക്ട് എന്നിവയടക്കം വിവിധ വകുപ്പുകൾ ചുമത്തിയാണ് ലോക്ക് ഡൗൺ ലംഘിച്ച വാഹനങ്ങളുടെ ഉടമകൾക്കെതിരേ കേസ് ചുമത്തിയിട്ടുള്ളത്.

അതേസമയം, ഇവ ജാമ്യംകിട്ടുന്ന വകുപ്പുകളാണെന്നത് ആശ്വാസമാണ്. എന്നാൽ, വിട്ടുകൊടുക്കുന്ന വാഹനങ്ങൾ ലോക്ക് ഡൗൺ സമയപരിധിയിൽ വീണ്ടും പിടിക്കപ്പെട്ടാൽ കടുത്ത ശിക്ഷയായിരിക്കും ഉണ്ടാവുകയെന്നും പൊലീസിന്റെ മുന്നറിയിപ്പ് ഉണ്ട്.
ലോക്ക് ഡൗൺ ലംഘനത്തിന് ഇതുവരെ 23,000 ഓളം വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കാൻ സ്ഥലമില്ലാതെ വന്ന സാഹചര്യത്തിലാണ് കേസ് എടുത്തശേഷം വണ്ടികൾ വിട്ടുനൽകാൻ തീരുമാനമായത്.

Story highlight: penalties if vehicles are re-caught during lockdown time

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top