വീണ്ടും സച്ചിൻ; 5000 പേർക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണം നൽകും

കൊവിഡ് 10 പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള പോരാട്ടത്തിൽ വീണ്ടും സഹായവുമായി ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. 5000 ആളുകൾക്ക് ഒരു മാസത്തേക്ക് ഭക്ഷണം നൽകുമെന്നാണ് സച്ചിൻ അറിയിച്ചിരിക്കുന്നത്. അപ്‌നാലയ എന്ന എന്‍.ജി.ഒ. വഴിയാണ്‌ സച്ചിന്‍ 5000 പേര്‍ക്കു ഭക്ഷണമെത്തിക്കുന്നത്‌.

തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ അപ്നാലയ ആണ് വിവരം അറിയിച്ചത്. 5000 പേരുടെ റേഷന്‍ ഇനി ഒരു മാസത്തേക്ക്‌ സച്ചിനാവും നോക്കുക എന്ന്‌ അപ്‌നാലയ ട്വീറ്റ്‌ ചെയ്‌തു. ദുരിതമനുഭവിക്കുന്നവര്‍ ഇനിയും ഏറെയുണ്ടെന്നും, അവര്‍ക്ക്‌ നിങ്ങളുടെ സഹായം വേണമെന്നും ട്വീറ്റില്‍ പറയുന്നു. അപ്‌നാലയയുടെ പ്രവര്‍ത്തികള്‍ പ്രശംസിച്ച സച്ചിന്‍, നിങ്ങളുടെ നല്ല പ്രവർത്തനങ്ങൾ തുടരൂ എന്ന് മറുപടി നല്‍കുകയും ചെയ്‌തു.

നേരത്തെ സച്ചിൻ 50 ലക്ഷം രൂപയുടെ ധനസഹായം നൽകിയിരുന്നു. ഹര്‍ഭജനും ഭാര്യയും 5,000 കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങൾ നൽകിയിരുന്നു. യുവരാജ് സിംഗ് 50 ലക്ഷം രൂപ നൽകി. ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ 80 ലക്ഷം രൂപ സംഭാവന നൽകി. ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ നായകനുമായിരുന്ന സൗരവ് ഗാംഗുലി 50 ലക്ഷം രൂപ നൽകി. ഇന്ത്യൻ താരം സുരേഷ് റെയ്ന 52 ലക്ഷം രൂപയാണ് നൽകിയത്. അജിങ്ക്യ രഹാനെ 10 ലക്ഷം രൂപ നൽകി. ഇർഫാൻ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്‌ക്കുകൾ വിതരണം ചെയ്തിരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും അനുഷ്ക ശർമ്മയും വെളിപ്പെടുത്താത്ത ഒരു തുക നൽകി. മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ രണ്ട് വർഷത്തെ എംപി ശമ്പളവും എംപി ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും നൽകിയിരുന്നു.

Story Highlights: sachin tendulkar ration for 5000 people

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top