വെറ്റില കര്‍ഷകര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം വെറ്റില മാര്‍ക്കറ്റിലെത്തിക്കാന്‍ ഇളവുനല്‍കും

വെറ്റില കര്‍ഷകര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം വെറ്റില മാര്‍ക്കറ്റിലെത്തിക്കാന്‍ നിയന്ത്രണങ്ങളില്‍ ഇളവുനല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനങ്ങളിലെയും ചെറുകിട കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലെയും ഉപകരണങ്ങള്‍ തുടര്‍ച്ചയായി അടച്ചിടുന്നതുമൂലം നശിച്ചുപോകുന്നത് ഒഴിവാക്കാന്‍ ഒന്നോ രണ്ടോ ദിവസം തുറക്കാന്‍ അനുവദിക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കൊവിഡിനെതിരായ ജാഗ്രതയില്‍ തരിമ്പുപോലും കുറവ് വരുത്താനുള്ള അവസ്ഥ നമ്മുടെ മുന്‍പിലില്ല. വൈറസിന്റെ വ്യാപനം എപ്പോള്‍ എവിടെയൊക്കെ ഉണ്ടാകുമെന്ന് പ്രവചിക്കാനാവില്ല. ആള്‍ക്കൂട്ടവും അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്തും. സമൂഹവ്യാപനമെന്ന അത്യാപത്തും സംഭവിച്ചേക്കാം. അതുകൊണ്ട് തന്നെ വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ തുടരും.

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. ഇത് കണ്ട് നിയന്ത്രണങ്ങള്‍ ഒഴിവാക്കി കളയാം എന്ന ധാരണ ചില കേന്ദ്രങ്ങളിലെങ്കിലും രൂപപ്പെട്ടിട്ടുണ്ട്. ഇത് അപകടകരമാണ്. രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുകയാണ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എങ്ങനെ വേണമെന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നാളെ രാവിലെ ജനങ്ങളോട് പറയും. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Cm Pinarayi Vijayan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top