തമിഴ്നാട്ടിൽ താമസിക്കുന്ന കൊല്ലം സ്വദേശിക്ക് മരുന്നെത്തിച്ച് മോട്ടോർ വാഹന വകുപ്പ്

തമിഴ്നാട്ടിൽ താമസിക്കുന്ന കൊല്ലം സ്വദേശിക്ക് മരുന്നെത്തിച്ച് മോട്ടോർ വാഹന വകുപ്പിൻ്റെ കരുതൽ. കൊല്ലം കടപ്പാക്കട സപോർട്സ് ക്ലബുമായി സഹകരിച്ചാണ് മോട്ടോർ വാഹന വകുപ്പ് മരുന്ന് എത്തിക്കുന്നത്. തൈറോയ്ഡ് ഓപ്പറേഷൻ കഴിഞ്ഞ് ചികിത്സയിലുള്ള രോഗിക്കാണ് കൊല്ലത്തുനിന്നും തമിഴ്നാട്ടിലേക്ക് മരുന്ന് എത്തിച്ചു നൽകാൻ ഇവർ യാത്ര തിരിക്കുന്നത്.

തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട് സ്ഥിരതാമസമാക്കിയ കടപ്പാക്കട സ്വദേശി ഷൈലക്ക് തൈറോയ്ഡ് ഓപ്പറേഷൻ കഴിഞ്ഞ് ഒരു വർഷമാകുന്നു. മരുന്നു തീർന്നെങ്കിലും തമിഴ്നാട്ടിൽ ഷൈല കഴിക്കുന്ന മരുന്നു ലഭിക്കാനുമില്ല. ലോക്ക് ഡൗൺ ആയതോടെ മരുന്നു ലഭിക്കാത്ത സ്ഥിതിയായി. അച്ഛൻ മണി ഇക്കാര്യം അയൽവാസി കൂടിയായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സൂരജിനെ അറിയിച്ചു. അങ്ങനെ കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മരുന്ന് സംഘടിപ്പിച്ചു. നേതൃത്വം നൽകിയത് ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡൻറ് ഷൈൻ ദേവ്. ഔദ്യോഗിക അനുമതി ലഭിച്ചതോടെ മരുന്ന് തമിഴ്നാട്ടിലേക്ക് എത്തിക്കാൻ മോട്ടോർ വാഹന വകുപ്പിൻ്റെ കൊല്ലം എൻഫോഴ്സ്മെൻറ് ടീമും റെഡി. മോട്ടോർ വാഹന ഇൻസ്പെക്ടർമാരായ ബിനു ജോർജ്, സുമോദ് സഹദേവൻ ഡ്രൈവർ ഡാനി എന്നിവർ കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ നിന്നും മരുന്ന് ഏറ്റുവാങ്ങി കേരള – തമിഴ്നാട് അതിർത്തിയിലേക്ക്.

കളക്ടറുടെ ഇടപെടലോടെ മരുന്ന് നേരിട്ട് രോഗിയുടെ കയ്യിൽ എത്തിക്കാനാണ് ഇപ്പോൾ ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് ശ്രമിക്കുന്നത്. തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിർത്തിയിൽ തമിഴ്നാട് പൊലീസിനെ മരുന്ന് ഏൽപ്പിക്കും.

Story Highlights: motor vehicle department medicine to tamilnadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top