മോദി സർക്കാർ കാരണം ഇന്ത്യ-പാക് പരമ്പര നടക്കില്ല: ഷാഹിദ് അഫ്രീദി

മോദി സർക്കാർ കാരണം ഇന്ത്യ-പാക് പരമ്പര നടക്കില്ലെന്ന് മുൻ പാകിസ്താൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദി. ഇന്ത്യയുമായുള്ള പരമ്പരകൾ പുനരാരംഭിക്കാൻ പാകിസ്താനു മടിയില്ലെന്നും ഇന്ത്യയാണ് താത്പര്യം കാണിക്കാത്തതെന്നും അഫ്രീദി പറഞ്ഞു. ക്രിക്കറ്റ് മാധ്യമമായ പാക് പാഷനു നൽകിയ അഭിമുഖത്തിലാണ് കൊവിഡ് 19 വൈറസ് വാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ഇന്ത്യ-പാകിസ്താൻ പരമ്പര നടത്തണമെന്ന ഷൊഐബ് അക്തറുടെ പ്രസ്താവനയെ പിന്തുണച്ചു കൊണ്ട് അഫ്രീദി രംഗത്തെത്തിയത്.

“ഇന്ത്യക്കെതിരെ കളിക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. പക്ഷേ, മോദി സർക്കാരിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ല. വിഷയത്തിൽ പാകിസ്താൻ എപ്പോഴും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അത് തന്നെ ഇന്ത്യയും സ്വീകരിക്കണം. എല്ലായ്പ്പോഴും എന്നതു പോലെ ഇന്ത്യയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ ക്രിക്കറ്റ് സഹായിക്കും.”- അഫ്രീദി പറഞ്ഞു.

ഇന്ത്യ-പാക് പരമ്പര എന്ന അക്തറുടെ നിർദ്ദേശത്തിനെതിരെ മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് രംഗത്തെത്തിയിരുന്നു. ഇന്ത്യക്ക് പണം ആവശ്യമില്ലെന്നും അതിനാൽ തന്നെ പരമ്പരയുടെ ആശയം ഉദിക്കുന്നില്ലെന്നും വ്യക്തമാക്കിയ കപിൽ ദേവിന് മറുപടിയുമായി അക്തർ വീണ്ടും പരമ്പര ആശയം ആവർത്തിച്ചു. അക്തറിനു പണം ആവശ്യമില്ലെങ്കിലും മറ്റുള്ളവർക്ക് അങ്ങനെയല്ലെന്നായിരുന്നു അക്തറിൻ്റെ മറുപടി.

രണ്ട് രാജ്യങ്ങളുടെയും കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നടത്താം എന്നായിരുന്നു നേരത്തെ അക്തറിൻ്റെ നിർദ്ദേശം. പാകിസ്താന് 10000 വെൻ്റിലേറ്ററുകൾ സംഭാവന നൽകിയാൽ ഇന്ത്യയെ പാക് ജനത ഒരിക്കലും മറക്കില്ലെന്നും അക്തർ പറഞ്ഞിരുന്നു.

Story Highlights: Pakistan wants to play against India, but it’s difficult because of the Modi Government: Shahid Afridi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top